15
Nov 2026
Sun
15 Nov 2026 Sun
Asaduddin Owaisi Slams Akhilesh Yadav Ayodhya Ram Temple Visit

മീററ്റ്: 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്ക് തുടക്കമിട്ട് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദും. ഇരുപാര്‍ട്ടികളും ചേര്‍ന്ന് രൂപീകരിച്ച ‘സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച’യുടെ മീററ്റില്‍ നടന്ന ആദ്യ പൊതുറാലിയില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ ഉവൈസി രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കാനുള്ള അഖിലേഷ് യാദവിന്റെ തീരുമാനത്തെയാണ് ഉവൈസി പ്രധാനമായും കടന്നാക്രമിച്ചത്. 2024 ജനുവരിയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ഇതാദ്യമായി അഖിലേഷ് യാദവ് അയോധ്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ഉവൈസിയുടെ പ്രതികരണം.

‘തകര്‍ക്കപ്പെട്ട പള്ളികളും മദ്രസകളും സന്ദര്‍ശിക്കാന്‍ അഖിലേഷ് തയ്യാറായോ?’1992-ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നത് വരെ നൂറ്റാണ്ടുകളോളം മുസ്ലിം വിഭാഗം പ്രാര്‍ത്ഥന നടത്തിയ സ്ഥലത്തേക്കാണ് അഖിലേഷ് യാദവ് പോകുന്നതെന്ന് ഉവൈസി ആരോപിച്ചു.’ഞങ്ങള്‍ 400 വര്‍ഷത്തോളം നമസ്‌കരിച്ചിരുന്ന സ്ഥലത്തേക്കാണ് അഖിലേഷ് പോകുന്നത്. സഹാറന്‍പൂരില്‍ പള്ളി തകര്‍ക്കപ്പെട്ടപ്പോഴോ, ശ്രാവസ്തിയിലും ബഹ്‌റൈച്ചിലും മദ്രസകള്‍ ഇടിച്ചുനിരത്തിയപ്പോഴോ അഖിലേഷ് അവിടേക്ക് പോയോ? എന്നാല്‍ നഗീന എംപിയായ ചന്ദ്രശേഖര്‍ ആസാദ് ഈദ് നമാസ് തടയുമെന്ന് ഭീഷണിയുണ്ടായപ്പോള്‍ ധീരമായി മുന്നില്‍ നിന്ന് പ്രാര്‍ത്ഥനയ്ക്ക് സംരക്ഷണമൊരുക്കി,’ അസദുദ്ദീന്‍ ഉവൈസി.

എസ്പിയുടെ ‘പിഡിഎ’ മുദ്രാവാക്യത്തിന് പരിഹാസം

സമാജ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘പിഡിഎ’ (പിന്നാക്ക, ദളിത്, ന്യൂനപക്ഷ സഖ്യം) എന്നതിനെയും ഉവൈസി പരിഹസിച്ചു. പിഡിഎ എന്നാല്‍ ‘അഖിലേഷിനെ മറിച്ചിടും’ (Palat Diya Akhilesh) എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥമെന്നും, ‘എ’ (A) എന്ന അക്ഷരത്തിന് അഖിലേഷ് ഓരോ സമയത്തും ഓരോ അര്‍ത്ഥമാണ് നല്‍കുന്നതെന്നും ഉവൈസി കുറ്റപ്പെടുത്തി.

മുസഫര്‍നഗര്‍ കലാപവും 1987-ലെ ഹാഷിംപുര കൂട്ടക്കൊലയും: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന 2013-ല്‍ മുസഫര്‍നഗര്‍ കലാപത്തില്‍ 50,000 പേരാണ് സ്വന്തം വീടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതെന്ന് ഒവൈസി ആരോപിച്ചു. എസ്പിക്ക് 47 മുസ്ലിം എംഎല്‍എമാര്‍ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്തില്ലെന്നും, അഖിലേഷ് സെയ്ഫായില്‍ പാട്ടും നൃത്തവും കണ്ടിരിക്കുകയായിരുന്നുവെന്നും പിന്നീട് ദുരിതാശ്വാസ ക്യാമ്പുകള്‍ എസ്പി സര്‍ക്കാര്‍ തന്നെ പൊളിച്ചുനീക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1987 മെയ് 22-ന് മീററ്റിലെ ഹാഷിംപുരയില്‍ 42 മുസ്ലിംകള്‍ കൊല്ലപ്പെട്ടപ്പോള്‍ കോണ്‍ഗ്രസായിരുന്നു അധികാരത്തിലെന്നും ഒവൈസി ഓര്‍മ്മിപ്പിച്ചു.

ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്പിക്ക് കഴിഞ്ഞോ?

ബിജെപിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന അഖിലേഷിന്റെ ആഹ്വാനത്തെ തള്ളിയ ഒവൈസി, 2014, 2017, 2019, 2022 തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്പിക്ക് സാധിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. പണക്കാരനായ വ്യവസായിയുടെ മകനെ രാജ്യസഭയിലേക്ക് അയച്ച അഖിലേഷിന്റെ രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം വിമര്‍ശിച്ചു.

‘ഇനി ആരുടെ മുന്നിലും തലകുനിക്കില്ല’; ചന്ദ്രശേഖര്‍ ആസാദ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കും എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനും ബദലായി ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളിലും ‘സാമാജിക് പരിവര്‍ത്തന്‍ മോര്‍ച്ച’ മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചു. നഗീന എംപിയും ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷിറാം) അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ് ആയിരിക്കും സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.’ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് മുന്നിലും ഞങ്ങള്‍ തലകുനിക്കില്ല, ആരോടും യാചിക്കുകയുമില്ല, ആര്‍ക്കും ഇനി പായ വിരിച്ചു കൊടുക്കുകയുമില്ല. അസദുദ്ദീന്‍ ഉവൈസി എന്തിനാണ് ചന്ദ്രശേഖര്‍ ആസാദുമായി കൈകൊടുത്തത് എന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു. ഞങ്ങള്‍ വെറുതെ കൈകൊടുക്കുക മാത്രമല്ല ചെയ്തത്, ഞങ്ങളുടെ ഹൃദയങ്ങള്‍ ഒന്നിക്കുകയാണ് ചെയ്തത്,’ ഉവൈസി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്നും, കരിമ്പിന് മികച്ച വില ഉറപ്പാക്കുമെന്നും, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമെന്നും ഉവൈസി റാലിയില്‍ വാഗ്ദാനം നല്‍കി.

അതേസമയം, ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ താല്പര്യമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സഖ്യവുമായി സഹകരിക്കാമെന്ന് ചന്ദ്രശേഖര്‍ ആസാദും ഉവൈസിയും വ്യക്തമാക്കിയിട്ടുണ്ട്.

Tags: Asaduddin Owaisi, Akhilesh Yadav Ayodhya Visit, Chandrashekhar Azad, Samajik Parivartan Morcha, UP Assembly Elections 2027, AIMIM ASP Alliance, Meerut Rally, National News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക