18
Nov 2026
Wed
18 Nov 2026 Wed
Robbers Loot Jewellery Worth 40 Crores In

പട്ന: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ സെൻകോ ജ്വല്ലറിയുടെ ഷോറൂമിൽ പട്ടാപ്പകൽ വൻ കവർച്ച. ബെറ്റിയയിലെ ഷോറൂമിൽ നിന്ന് 30 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ എട്ട് അംഗ കവർച്ചാസംഘം കൊള്ളയടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ബൈക്കുകളിലായാണ് എട്ട് പേർ ഷോറൂമിലെത്തിയത്. അകത്തുകയറിയ സംഘം ആയുധങ്ങൾ കാട്ടി ജീവനക്കാരെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും നിയന്ത്രണത്തിലാക്കി. എല്ലാവരുടെയും കൈകൾ കെട്ടുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. ആരും രക്ഷപ്പെടാനോ പുറത്തേക്ക് വിവരമറിയിക്കാനോ കഴിയാത്ത വിധം എല്ലാവരെയും ഒരിടത്ത് ഒരുമിച്ചിരുത്തിയ ശേഷമാണ് കവർച്ച നടത്തിയത്.

ഷോറൂമിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം സംഘം ശേഖരിച്ചു. സംഭവത്തിനിടെ രണ്ടുപേരുടെ തലയ്ക്ക് അടിയേറ്റതായും ദൃക്‌സാക്ഷികൾ പറഞ്ഞു. കവർച്ചക്കാർ മടങ്ങുന്നതിനിടെ ‘ഞങ്ങൾ വീണ്ടും വരും, ഇതൊരു സിനിമയാണ്’ എന്ന് പറഞ്ഞതായി ഷോറൂമിലുണ്ടായിരുന്ന ഒരു സ്ത്രീ വെളിപ്പെടുത്തി.

വിവരമറിഞ്ഞ് ഡിഐജി ഹരികിഷോർ റായ്, എസ്.പി കുമാർ ഗൗതം, ഡിഎസ്പി അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജീവനക്കാരിൽനിന്നും ദൃക്‌സാക്ഷികളിൽനിന്നും മൊഴിയെടുത്തു.

30 മുതൽ 40 കോടി രൂപ വരെ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. കവർച്ചയുടെ കൃത്യമായ നഷ്ടം പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക