18
Nov 2026
Wed
18 Nov 2026 Wed
Court Orders Husband and Son to Pay Dh16.1 Million for Stealing Wife’s Jewellery

ദത്തുപുത്രി എന്ന വിശേഷണം ഔദ്യോഗിക രേഖകളിൽ നിന്ന് ഒഴിവാക്കണം; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ദത്തെടുത്ത കുട്ടികളെ ഔദ്യോഗിക രേഖകളിൽ ‘ദത്തുപുത്രൻ’, ‘ദത്തുപുത്രി’ എന്ന് പ്രത്യേകം രേഖപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് കേരള ഹൈക്കോടതി. ദത്തെടുത്ത കുട്ടികളെയും സ്വന്തം മക്കളെപ്പോലെ മകനായോ മകളായോ മാത്രം രേഖപ്പെടുത്തണമെന്നും കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന ഉത്തരവ്. ദത്തെടുത്ത കുട്ടികൾക്കായി പ്രത്യേക വിഭാഗം നിലനിർത്തുന്ന ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സംവിധാനം ഒഴിവാക്കണമെന്നും നിയമാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു.

‘അൻമോൾ’ എന്ന് കോടതി വിശേഷിപ്പിച്ച യുവതി നൽകിയ ഹർജിയിലാണ് ഉത്തരവ്. 1990 ജൂണിൽ ഒരു മാസം പോലും തികയാത്തപ്പോഴാണ് യുവതിയെ മാതാപിതാക്കൾ ദത്തെടുത്തത്. പിന്നീട് മാതാപിതാക്കളുടെ മകളായിത്തന്നെയാണ് അവർ വളർന്നത്. ആധാർ കാർഡ്, പാസ്‌പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, വിദ്യാഭ്യാസ രേഖകൾ എന്നിവയിലെല്ലാം മകൾ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

2023 ജനുവരിയിൽ അമ്മ മരിച്ചപ്പോൾ ലഭിച്ച നിയമാവകാശ സർട്ടിഫിക്കറ്റിലും മകൾ എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ 2024 ഒക്ടോബറിൽ പിതാവ് മരിച്ചതിനെത്തുടർന്ന് തൃശൂർ തഹസിൽദാർ നൽകിയ നിയമാവകാശ സർട്ടിഫിക്കറ്റിൽ ‘ദത്തുപുത്രി’ എന്നാണ് രേഖപ്പെടുത്തിയത്. ഇത് തന്റെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അനാവശ്യ ചോദ്യങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

ദത്തെടുത്ത കുട്ടികളെ എല്ലാ ആവശ്യങ്ങൾക്കും ദത്തെടുത്ത മാതാപിതാക്കളുടെ മക്കളായാണ് നിയമം അംഗീകരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘ദത്തെടുത്ത കുട്ടിയെ യാതൊരു വിശേഷണവും കൂടാതെ മാതാപിതാക്കളുടെ മകനായോ മകളായോ രേഖപ്പെടുത്തണം’ എന്നും കോടതി വ്യക്തമാക്കി.

യുവതിക്ക് നൽകിയ നിയമാവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി, രണ്ടാഴ്ചയ്ക്കുള്ളിൽ മകൾ എന്ന് മാത്രം രേഖപ്പെടുത്തിയ പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തൃശൂർ തഹസിൽദാർക്ക് നിർദേശം നൽകി. കൂടാതെ, ഒരു മാസത്തിനുള്ളിൽ ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പരിഷ്കരിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

യുവതിയുടെ സ്വകാര്യത മാനിച്ച് യഥാർഥ പേര് വിധിന്യായത്തിൽ വെളിപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു. പകരം വിലമതിക്കാനാവാത്തത് എന്നർഥമുള്ള ‘അൻമോൾ’ എന്ന പേരാണ് കോടതി ഉപയോഗിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക