കൊല്ലം: ദീർഘനാളായി തുടരുന്ന അസുഖം മൂലം ജോലിക്കു പോവാനാവാതെ വന്ന വൃദ്ധൻ സ്വയമൊരുക്കിയ ചിതയിൽ ചാടിമരിച്ചു. കൊല്ലം പുത്തൂരിൽ ആണ് സംഭവം. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ ചാടിയാണ് വിജയകുമാർ മരിച്ചത്.
|
വിജയകുമാർ എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി 12ന് ശേഷമാണ് സംഭവം എന്നാണ് കരുതുന്നത്. സഹോദരിയുടെ വീടിനോട് ചേർന്നുള്ള കുടുംബവീട്ടിലാണ് ഇയാൾ കഴിഞ്ഞത്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കെട്ടിട നിർമാണ തൊഴിലാളിയായ വിജയകുമാർ ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇതിനാൽ ഇയാൾക്ക് ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിട്ടുണ്ടെന്നാണ് വിവരം. കടബാധ്യതയും വിജയകുമാറിനെ അലട്ടിയിരുന്നു.



