തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഫുട്ബോള്‍ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരണപ്പെട്ടു
18-Feb-2023
ഇസ്താംബൂള്‍: തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ മുന്‍ ഘാനാ താരം ക്രിസ്റ്റ്യന്‍ അറ്റ്‌സു മരണപ്പെട്ടതായി സ്ഥിരീകരണം. 31 കാരനായ താരം നിലവില്‍ തുര്‍ക്കി ലീഗില്‍ ഹത്തായസ്പൂര്‍ എഫ്‌സിക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. താരത്തിന്റെ ഏജന്റും തുര്‍ക്കി ദേശീയ മാധ്യമങ്ങളുമാണ് മരണ വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്ന് അറ്റ്‌സുവിനെ കണ്ടെത്തിയത്. ന്യൂകാസില്‍ യുനൈറ്റഡ്, ചെല്‍സി, എവര്‍ട്ടണ്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം കളിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഭൂകമ്പത്തില്‍ താരത്തെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് താരത്തെ കണ്ടെത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്ലബ്ബ് കൂടുതല്‍ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് താരത്തിന്റെ ഭാര്യ വ്യക്തമാക്കിയിരുന്നു. ഉടന്‍ തന്നെ തന്റെ ഭര്‍ത്താവിനെ കണ്ടെത്തി തരണമെന്ന് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. മരിക്കുന്നതിന്റെ തലേ ദിവസം ഹത്തായ്‌സ്പൂര്‍ എഫ്‌സിക്കായി അറ്റ്‌സു ഗോള്‍ നേടിയിരുന്നു.