17
Mar 2023
Thu
17 Mar 2023 Thu

ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോള്‍ കരിയറിലെ തന്റെ ഏറ്റവും വലിയ നേട്ടമായ ലോകകപ്പ് നേടാന്‍ തനിക്കൊപ്പം നിന്ന സഹതാരങ്ങള്‍ക്ക് ഗോള്‍ഡന്‍ ഐഫോണ്‍ നല്‍കാനൊരുങ്ങി അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സി. ടീമിലെ സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമാണ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണുകള്‍ നല്‍കുന്നത്. 35 പേര്‍ക്കാണ് താരം ഫോണുകള്‍ നല്‍കുക. ഇതിനായി 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഇവ ശനിയാഴ്ച പാരിസില്‍ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനം അറിയിച്ചു. ഐ ഡിസൈന്‍ ഗോള്‍ഡിന്റെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളില്‍ ഒരാളാണ്. അദ്ദേഹം തന്റെ ആഗ്രഹം തങ്ങളെ അറിയിച്ചു. സാധാരണ ചെയ്യുന്നതു പോലെ വാച്ചുകള്‍ സമ്മാനമായി നല്‍കാന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു. അതിനാല്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് എതിരഭിപ്രായമൊന്നും ഇല്ലായിരുന്നു.” ബെന്‍ വ്യക്തമാക്കി.