
എം കെ ഷഹസാദ് എഴുതുന്നു
![]() |
|
മാധ്യമങ്ങൾ, പ്രസാധനത്തിന് പണം മുടക്കുന്നവന്റെ ജിഹ്വകളാണ്. തങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അഭിപ്രായങ്ങൾ യഥേഷ്ടം അച്ചടിക്കാനും പ്രക്ഷേപണം ചെയ്യുവാനും പ്രസാധകർക്ക് യഥേഷ്ടം സാധിക്കുന്നു. സമ്പത്തിന് അധികാര സ്ഥാപനങ്ങളുമായി ചങ്ങാത്തത്തിലേ നിലനിൽക്കാൻ സാധിക്കൂ എന്നതിനാൽ നിക്ഷ്പക്ഷത എന്നൊന്നില്ല. അതൊരു കാപട്യം മാത്രമാണ്. നിലനിൽക്കുന്ന അധികാര സ്ഥാപനങ്ങളെ, അവയുടെ താൽപര്യങ്ങളെ പ്രതിചോദ്യം ചെയ്യുമെങ്കിലും അവയെ സ്ഥിരമായി പ്രതിക്കൂട്ടിൽ നിർത്താനും സ്ഥിരമായി പ്രതിസന്ധിയിലാഴ്ത്താനും മാധ്യമങ്ങൾക്കോ പണം മുടക്കുന്നവർക്കും ഉദ്ദേശ്യമേയില്ല. അതുകൊണ്ടാണ് ജനാധിപത്യ ഭരണക്രമത്തിന്റെ നാലാമത്തെ തൂണായി മാധ്യമങ്ങൾ വിശേഷിപ്പിക്കപ്പെടുന്നതും.
മേൽപ്പറഞ്ഞത് സ്വതന്ത്ര മത്സരത്തിന്റെ കാലത്തെ മാധ്യമങ്ങളെപ്പറ്റിയാണ്. ഇന്ന് സ്വതന്ത്ര മത്സരമില്ല. ഇത് കുത്തക മൂലധനത്തിന്റെ കാലമാണ്. തുല്യൻ, തുല്യനോട് മത്സരിക്കുന്ന കാലമായിരുന്നു സ്വതന്ത്ര മത്സരത്തിന്റെ കാലമെങ്കിൽ കുത്തക മൂലധനത്തിന്റെ കാലം വൻ മീനുകൾ ചെറു മീനുകളോടും ഉള്ളവൻ ഇല്ലാത്തവനോടും മത്സരിക്കുന്ന കാലമാണ്. എന്നാൽ ഇതൊരു മത്സരമേയല്ലെന്നതാണ് യാഥാർഥ്യം. വിജയം ആരുടെ പക്ഷത്താണ് എന്നുറപ്പാക്കിയാണ് മത്സരം ആരംഭിക്കുന്നതുതന്നെ.
സമ്പത്ത് വല്ലാതെ കുമിഞ്ഞ് കൂടുന്ന അവസ്ഥയാണ് സ്വതന്ത്ര വ്യാപാരത്തിന്റെ ‘ റൊമാന്റിക്ക് ‘ ഘട്ടത്തെ കുത്തക മൂലധന കാലത്തേക്ക് തള്ളിവിടുന്നത്. സമ്പത്തിനൊപ്പം അധികാരവും കേന്ദ്രീകരിക്കപ്പെടുന്നു. അധികാരത്തിനാധാരമായി ഭരണകൂടങ്ങൾ മുന്നോട്ടു വയ്ക്കുന്ന പ്രത്യയശാസ്ത്രവും സാമ്പത്തിക മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് പുനസൃഷ്ടിക്കപ്പെടുന്നു. വിഴിഞ്ഞത്ത് അദാനി പോർട്ടിനെതിരായി നടന്ന ജനകീയ സമരത്തിനെതിരായി, അദാനിക്ക് വേണ്ടി അഥവാ കുത്തക മൂലധനത്തിനുവേണ്ടി രൂപപ്പെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകൾ കുത്തക മൂലധനം അധികാരം എങ്ങനെയാണ് കേന്ദ്രീകരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്.
കുത്തക മൂലധനം മാധ്യമങ്ങളിലും ഇടപെടുന്നുണ്ട്. മാധ്യമങ്ങൾ വൻകിടക്കാരാൽ വിഴുങ്ങപ്പെടുകയോ അടച്ചുപൂട്ടപ്പെടുകയോ ചെയ്യും. എൻഡിടിവിയുടെ ഏറ്റെടുപ്പ് നല്ലൊരു ഉദാഹരണമാണ്. കുത്തക മൂലധനത്തിനൊപ്പം നിൽക്കുന്ന സർക്കാരിനെ ചോദ്യം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങൾ പകപോക്കൽ നടപടിക്ക് വിധേയമാകുകയും സർക്കാർ പരസ്യം പോലും നിഷേധിക്കപ്പെട്ട് ശ്വാസം മുട്ടി മരിച്ചു പോവുകയും ചെയ്യുന്നു. കശ്മീരിൽ ധാരാളം പത്രങ്ങൾ ഇങ്ങനെ പൂട്ടിക്കപ്പെട്ടതായി പണ്ടെപ്പോഴോ വായിച്ചത് ഓർക്കുന്നു. അങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത മാധ്യമങ്ങളെ ഭരണകൂട ഉപകരണങ്ങൾ ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും അങ്ങനെ മെരുക്കിയെടുക്കുകയും ചെയ്തുപോരുന്നു. ബിബിസി ഓഫിസിൽ നടന്ന ‘ സർവേ ‘ ഇത്തരത്തിലുള്ള മെരുക്കിയെടുക്കൽ പ്രക്രിയയ്ക്ക് പറ്റിയൊരുദാഹരണം തന്നേയാണ്. മേൽപ്പറഞ്ഞ നടപടികളെല്ലാം ഭരണകൂടം നേരിട്ട് അതിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന അടിച്ചമർത്തൽ നടപടികളാണ്.
എന്നാൽ കുത്തക മൂലധനത്തിന്റെ വികാസഗതിയിൽ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രം തന്റെ സ്വന്തം പ്രത്യയശാസ്ത്രമാക്കി മാറ്റിയ ആൾകൂട്ടങ്ങളായി പൗരൻമാർ മാറിത്തീരുകയും ഒരാഹ്വാനവും കൂടാതെ തന്നെ ഭരണകർത്താക്കളുടെ താൽപര്യത്തിനെതിരായി നിൽക്കുന്നവരെ നിയമവാഴ്ചയെ പരിഗണിക്കാതെ കൈകാര്യം ചെയ്യുകയും ചെയ്യും. സമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണോ കേരളം എന്ന് ഞാൻ സംശയിക്കുന്നു. ഏഷ്യനെറ്റ് ഓഫിസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ ആൾകൂട്ട അക്രമം അത്തരമൊരു നടപടിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരേന്ത്യയിൽ നടക്കുന്നതായി നമ്മൾ വായിച്ചും കേട്ടുമറിഞ്ഞിട്ടുള്ള ആൾകൂട്ട അക്രമങ്ങൾക്ക് സമാനം തന്നെയാണിത്. വ്യക്തികൾക്ക് പകരം മാധ്യമ സ്ഥാപനം എന്ന വ്യത്യാസം മാത്രമേ കാണാനുള്ളൂ.
അപലപനീയവും ഞെട്ടിക്കുന്നതുമായ വസ്തുത എന്താണെന്ന് വച്ചാൽ ഫാഷിസത്തിനെതിരേ പ്രവർത്തിക്കുന്നു എന്ന് പറയുകയും അതിന്റെ പേരിൽ മേനി നടിക്കുകയും ചെയ്യുന്നവർ അപകടകാരിയായ ആൾക്കൂട്ടങ്ങളെ പെറ്റിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ്. ഇത്രയും വായിച്ചപ്പോൾ ഇനി ഞങ്ങൾക്ക് ആര് എന്ന തോന്നലുണ്ടായിക്കാണും എന്നെനിക്കറിയാം. നിരാശരാവരുത്. നമുക്ക് നമ്മളുണ്ട്. ജനാധിപത്യത്തിലെ നിർണായക ശക്തിയായ പൗരൻമാർ; നഷ്ടപ്പെടുവാൻ ഒന്നുമില്ലാത്തവർ.