ചെന്നൈ: ഇതിഹാസ സംഗീതമാന്ത്രികന്‍ എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജയും പിതാവിനെപ്പോലെ സംഗീതത്തിന്റെ വഴിയില്‍. ‘മിന്‍മിനി’യെന്ന തമിഴ് ചിത്രത്തിലൂടെ സംഗീത സംവിധാനത്തില്‍ തുടക്കം കുറിക്കുകയാണ് ഖദീജ. ഹാലിത ഷമീം സംവിധാനംചെയ്യുന്ന ചിത്രത്തില്‍ എസ്തര്‍ അനിലും ഗൗരവ് കലൈയും പ്രവീണ്‍ കിഷോറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
|
എ എം സ്റ്റുഡിയോയില്‍നിന്ന് ഖദീജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഹാലിത സന്തോഷം പങ്കിട്ടത്. ഖദീജ നല്ലൊരു സംഗീതസംവിധായകയാണെന്നും ഹാലിത കുറിച്ചു. ‘ഈ അസാധാരണ പ്രതിഭയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു. മധുരസ്വരമുള്ള ഒരു ഗായികയും മികവുറ്റ സംഗീതസംവിധായികയുമാണ് ഖദീജ. മഹത്തായ സംഗീതശകലങ്ങള്‍ പുറത്തുവരാനിരിക്കുന്നു’, എന്ന അടിക്കുറിപ്പോടെയാണ് ഹലിത ഷമീം ഖദീജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്.
അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംഗീതസംവിധാനത്തെക്കുറിച്ച് ഖദീജ പറഞ്ഞതിങ്ങനെ: ഞാന്‍ സംഗീതസംവിധാനത്തിലേക്കു കടക്കുമെന്ന് കഴിഞ്ഞ വര്‍ഷം വരെ എനിക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് എന്ത് ചെയ്യാനാണ് എന്റെ മനസ്സ് ആഗ്രഹിക്കുന്നതെന്നു ഞാന്‍ കണ്ടെത്തി. അപ്പോള്‍ ഞാന്‍ പാട്ടുകള്‍ പാടുന്നതിനൊപ്പം മറ്റു പല കാര്യങ്ങളും ചെയ്തു. ഇനിയും കൂടുതല്‍ ചെയ്യാനുണ്ടെന്ന് എനിക്കു ബോധ്യമായി. അങ്ങനെ ഹലിത മാഡത്തെ വിളിച്ച് ഞാന്‍ പാട്ടൊരുക്കാന്‍ തയ്യാറാണെന്നു പറഞ്ഞു. എന്റെ ശബ്ദവും ചന്താരീതിയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ഹലിത മാഡം എന്നോടു പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ മിന്‍മിനിക്കു വേണ്ടി ഒരുമിച്ചത്.
എ ആര്‍ റഹ്‌മാന്റെയും സൈറാബാനുവിന്റെയും മൂത്തമകളായ ഖദീജ, 2010-ല്‍ പുറത്തിറങ്ങിയ രജനി ചിത്രം ‘എന്തിരനി’ലെ പുതിയ മനിതന്‍ എന്ന ഗാനം ആലപിച്ചിട്ടുണ്ട്. 2021-ല്‍ ‘റോക്ക് എ ബൈ ബൈ’ എന്ന ഹിന്ദി ഗാനം, പൊന്നിയിന്‍ സെല്‍വന്‍-2 ലെ ‘ചിന്നഞ്ചിരു നിലവേ’ എന്ന ഗാനം എന്നിവയും പട്ടികയിലുണ്ട്.


