ലണ്ടൻ: ബ്രിട്ടനിൽ മലയാളി യുവാക്കൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ കുത്തേറ്റുമരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാറാണ്(37) മരിച്ചത്. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. കേസിൽ 20 വയസുള്ള മലയാളി സുഹൃത്തിനെ ലണ്ടൻ മെട്രപൊളിറ്റൻ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
ഇവർ താമസിച്ചിരുന്ന ഫഌറ്റിലാണ് യുവാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായത്. ഒടുവിൽ ഇത് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. അരവിന്ദിന് കുത്തേറ്റതിനു പിന്നാലെ ഫഌറ്റിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിച്ചു. ഉടൻ മെഡിക്കൽ സംഘവുമായി പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക വൈദ്യപരിചരണം നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ചു തന്നെ അരവിന്ദ് മരിച്ചു.
പ്രതിക്കു പുറമെ ഫഌറ്റിലെ മറ്റു താമസക്കാരെയും പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥി വിസയിൽ 10 വർഷം മുൻപ് ബ്രിട്ടനിലെത്തിയ അരവിന്ദ് അവിവാഹിതനാണ്.


