കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറെ പ്രാധാന്യം ഉള്ള ഒരു ക്ലബ്ബ് കൂടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. മുന്‍ ദേശീയ ലീഗ് ചാമ്പ്യന്മാരായ സാല്‍ഗോക്കര്‍ ക്ലബ്ബ് പ്രവര്‍ത്തനം നിര്‍ത്തുന്നു. 67 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് അവസാന കുറേ വര്‍ഷങ്ങളായി ഐ ലീഗിലോ മറ്റു ദേശീയ തല ടൂര്‍ണമെന്റുകളിലോ കളിക്കുന്നുണ്ടായിരുന്നില്ല. ഗോവ പ്രൊ ലീഗില്‍ ആണ് അവസാനമായി കളിച്ചത്. ഗോവ പ്രോ ലീഗില്‍ കളിക്കാന്‍ ഉള്ള അപേക്ഷ ഫോം ഇത്തവണ സാല്‍ഗോക്കര്‍ കൈപറ്റിയില്ല. അവര്‍ സീനിയര്‍ ടീമിന്റെയും അണ്ടര്‍ 20 ടീമിന്റെയും പ്രവര്‍ത്തനം നിര്‍ത്തുകയാണ് എന്ന് അറിയിച്ചു. അണ്ടര്‍ 13 ലെവലില്‍ അവര്‍ പ്രവര്‍ത്തനം തുടരും. എന്നാല്‍ സീനിയര്‍ ടീമും ക്ലബ്ബിന്റെ മറ്റു പ്രവര്‍ത്തനങ്ങളും അവര്‍ അവസാനിപ്പിക്കുകയാണ്.
|
1956ല്‍ വി എം സാല്‍ഗോക്കര്‍ ആണ് സാല്‍ഗോക്കര്‍ ക്ലബ്ബ് ആരംഭിച്ചത്. 1988ല്‍ ഫെഡറേഷന്‍ കപ്പും 1999ല്‍ നാഷണല്‍ ലീഗും ഒപ്പം ഡ്യൂറണ്ട് കപ്പും സാല്‍ഗോക്കര്‍ നേടിയിരുന്നു. ആകെ നാല് ഫെഡറേഷന്‍ കപ്പും 3 ഡൂറണ്ട് കപ്പും അവര്‍ നേടിയിട്ടുണ്ട്. 2011ല്‍ ഐ ലീഗ് കിരീടവും അവര്‍ നേടി. 2016 എ ഐ എഫ് എഫിന്റെ റോഡ് മാപ്പില്‍ പ്രതിഷേധിച്ച് സാല്‍ഗോക്കര്‍ ദേശീയ ഫുട്‌ബോളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.


