18
Jun 2023
Fri
18 Jun 2023 Fri

ന്യൂഡൽഹി: കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്‌സിന്റെ അന്താരാഷ്ട്ര പ്രസ് ഫ്രീഡം പുരസ്‌കാരത്തിന് ‘ഔട്ട് ലുക്ക്’ സീനിയർ എഡിറ്റർ കെകെ ഷാഹിന അർഹയായി. നിക ഗ്വറാമിയ (ജോർജിയ), മരിയ തെരേസ മൊണ്ടാന (മെക്സിക്കോ),ഫെർഡിനാൻഡ് അയിറ്റെ (ടോഗോ) എന്നിവരെയും ഷാഹിനയ്ക്കൊപ്പം പുരസ്‌ക്കാരത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിനിയമമായ യുഎപിഎ ചുമത്തപ്പെട്ട് വിചാരണ നേരിടുന്ന ആദ്യത്തെ മാധ്യമപ്രവർത്തകയാണ് ഷാഹിനയെന്ന് പുരസ്‌കാര സമിതി ചൂണ്ടിക്കാട്ടി. 2008 ലെ ബംഗ്ളൂരു സ്ഫോടനക്കേസിൽ പൊലീസ് സാക്ഷിമൊഴികൾ വളച്ചൊടിച്ചു എന്ന് റിപ്പോർട്ട് ചെയ്തതിനാണ് ഈ കേസ്. മതന്യൂനപക്ഷങ്ങൾക്കും ദുർബലജാതി വിഭാഗങ്ങൾക്കും വേണ്ടിയെഴുതുന്ന ഷാഹിനയെ നിശബ്ദയാക്കാൻ, അവരെ മതം പറഞ്ഞ് വലതുപക്ഷ സംഘങ്ങൾ നിരന്തരമായി ആക്രമിക്കുന്നുണ്ടെന്നും ജൂറി വിലയിരുത്തി.

നിലവിൽ ഔട്ട് ലുക്ക് മാഗസിന്റെ സീനിയർ എഡിറ്ററായ ഷാഹിന 1997 മുതൽ 2007 വരെ ഏഷ്യാനെറ്റ് ന്യൂസിൽ പ്രവർത്തിച്ചു. പിന്നീട് ജനയുഗം, തെഹൽക്ക, ദ ഓപ്പൺ, ദ ഫെഡറൽ തുടങ്ങിയ മാധ്യമങ്ങളിലും ജോലി ചെയ്തു. തൃശൂർ കേരള വർമ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷം കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേർണലിസം ഡിപ്ലോമ നേടി. തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്നും നിയമബിരുദം. ബെംഗളൂരിലെ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യയിൽ നിന്നും ഹ്യൂമൻ റൈറ്റ്സ് ലോയിൽ പി ജി ഡിപ്ലോമയും നേടി. 2010 ലെ മികച്ച വനിതാ റിപ്പോർട്ടർക്കുള്ള ചാമേലി ദേവി ജെയ്ൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

‘ഭരണകൂടങ്ങളുടെ മർദ്ദനങ്ങളേയും അടിച്ചമർത്തലുകളേയും എതിരിട്ട് ധീരതയോടെ മാധ്യമപ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന മാധ്യമപ്രവർത്തകരെ’ അന്തർദ്ദേശീയ തലത്തിൽ ആദരിക്കുന്നതിനാണ് 1996 മുതൽ പ്രസ് ഫ്രീഡം പുരസ്‌കാരം ഏർപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്ന് ഇതുവരെ മൂന്ന് ഇന്ത്യൻ ജേണലിസ്റ്റുകൾക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചത്. കശ്മീർ ജേണലിസ്റ്റായ യൂസഫ് ജമീൽ (1996), ഛത്തീസ്ഗഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാലിനി സുബ്രഹ്‌മണ്യൻ (2016), ഡൽഹിയിലെ ഫ്രീലാൻസ് ജേണലിസ്റ്റായ നേഹ ദീക്ഷിത് (2019) എന്നിവരാണിവർ.