കൊച്ചി: മുസ്ലിം സമുദായാംഗമായ മുസ്തഫരാജുമായുള്ള വിവാഹത്തെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി തെന്നിന്ത്യൻ നടി പ്രിയാമണി. മതത്തിന് പുറത്തുള്ള വ്യക്തിയെ എന്തിനാണ് കല്യാണം കഴിച്ചതെന്നും ഇത് ലവ് ജിഹാദാണെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. സ്നേഹിക്കുന്ന ആളെയാണ് താൻ വിവാഹം ചെയ്തതെന്നും അദ്ദേഹം മറ്റൊരു ജാതിയിലോ മതത്തിലോപ്പെട്ട ആളാണെങ്കിൽ എന്താണ് പ്രശ്നമെന്നും ഗുൾട്ട് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ മണി പറഞ്ഞു.
|
പ്രിയ മണിയുടെ വാക്കുകൾ:
ഞാൻ ജീവിതത്തിലെ അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് കടന്നപ്പോഴും വിമർശനങ്ങൾ കേട്ടു. എന്തിനാണ് നിങ്ങളുടെ മതത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിക്കുന്നതെന്ന് ചിലർ ചോദിച്ചു.
‘ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. മതത്തിന് പുറത്തുള്ള വ്യക്തിയെ എന്തിന് കല്യാണംം കഴിക്കുന്നുവെന്ന് ചിലർ ചോദിച്ചു. ലൗ ജിഹാദിലൂടെയാണ് നിങ്ങൾ കുട്ടികളുണ്ടാക്കുന്നത്. ഇത് ലവ് ജിഹാദ് ആണ് എന്നൊക്കെ പറഞ്ഞു. അത് പരിധിയും കഴിഞ്ഞ് പോയി. സ്നേഹിക്കുന്ന ആളെയാണ് ഞാൻ വിവാഹം കഴിച്ചത്. സിംഗിളായിരിക്കുകയാണെങ്കിൽ ദേവതയാണ്, മറ്റേതാണ് മറിച്ചതാണെന്ന് പറയും. എന്നിട്ട് ഒരു പെൺകുട്ടി കല്യാണം കഴിക്കാൻ പോവുകയാണെങ്കിൽ ഇതെല്ലാം മാറും. അദ്ദേഹം വേറെ ജാതിയിലോ മതത്തിലോ പെട്ട ആളാണെങ്കിൽ നിങ്ങൾക്ക് എന്താണ്?
അതിലെന്താണ് തെറ്റ്. എല്ലാ മുസ്ലിംകളും ഐസിസ് അല്ല. ലവ് ജിഹാദോ ? എന്ത് വിവരക്കേടാണിത്. വളരൂ നമ്മൾ ആധുനിക സമൂഹത്തിലാണ് ജീവിക്കുന്നത്. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും സഹോദരങ്ങളാണെന്ന് പിന്നെന്തിനാണ് പറയുന്നത്. ഒരു വിഭാഗം ഇങ്ങനെ പറയുമ്പോൾ മറ്റൊരു വിഭാഗം നീ ഹിന്ദുവാണ്, മുസ്ലിം ആണ് എന്നൊക്കെ പറയുന്നു. എന്ത് വിവരക്കേടാണിത്?’ ഇത് എന്റെ ജീവിതമാണ്. എനിക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പമാണ് ഞാൻ ജീവിക്കുന്നത്. നാളെ ഞാൻ ചിലപ്പോൾ മറ്റൊരാളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പറയും. അപ്പോൾ നിങ്ങൾ എന്ത് ചെയ്യും. ഞാനൊരു ഉദാഹരണം പറഞ്ഞതാണ്. അല്ലാതെ അങ്ങനെ ചെയ്യാൻ പോവുകയല്ല’ പ്രിയ മണി പറഞ്ഞു.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം നേടിയ, അഭിനയിച്ച ഭാഷകളിലൊക്കെ വിജയം സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. വിവാഹിതയാണെങ്കിലും വെബ് സീരീസ് മേഖലയിലും താരം വളരെ സജീവമാണ്. പ്രിയ വാസുദേവ് മണി അയ്യർ എന്നാണ് നടിയുടെ മുഴുവൻ പേര്. കർണാടകയിലെ ബ്രാഹ്മണ കുടുംബത്തിലാണ് താരം ജനിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും താരം സജീവമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എങ്കിലും താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൂടുതൽ ലഭിച്ചത് മലയാളത്തിൽ നിന്നുമായിരുന്നു.


