21
Jul 2023
Sat
21 Jul 2023 Sat

ദോഹ: നാട്ടിന്‍ പുറത്തെ ബസ് കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും ഉള്ളതു പോലെ ജോലിയുമായി ബന്ധപ്പെട്ട് എയര്‍ ഹോസ്റ്റസുമാര്‍ക്കും ഉണ്ട് പരാതികളും പരിഭവങ്ങളും. അത്തരത്തിലൊരു എയര്‍ ഹോസ്റ്റര്‍ പങ്കുവച്ച പരാതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തങ്ങളുടെ ബാഗുകള്‍ ചുമക്കാനുള്ള ചില യാത്രക്കാരുടെ കല്‍പനകളാണ് ജോലിക്കിടെ തന്നെ ഏറ്റവുമധികം അലോസരപ്പെടുത്തുന്നതെന്ന് സൗദി എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസായ സൗദി യുവതി ആലാ ഖലാവിയാണ് പരാതിപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രക്കാര്‍, വിശിഷ്യാ യുവതികള്‍ ബാഗുകള്‍ ചുമക്കാന്‍ കല്‍പിക്കുന്നത് വല്ലാതെ അലോസരപ്പെടുത്തുന്നു. ചില യാത്രക്കാരികള്‍ ബാഗ് ചുമക്കാന്‍ കല്‍പനാ സ്വരത്തിലാണ് ആവശ്യപ്പെടുന്നത്. ഇങ്ങിനെ കല്‍പിക്കാന്‍ യാത്രക്കാരികള്‍ക്ക് അവകാശമില്ല. അത്തരം കല്‍പനകള്‍ തങ്ങള്‍ പാലിക്കേണ്ടതുമില്ല. എന്നാല്‍ മാന്യവും സൗമ്യവുമായ ശൈലിയില്‍ അപേക്ഷിക്കുകയാണെങ്കില്‍ യാത്രക്കാരെ സഹായിക്കുന്നതിന് ഒരു പ്രശ്‌നവുമില്ലെന്നും ആലാ ഖലാവി പറഞ്ഞു.

വിമാനത്തിനുള്ളില്‍വച്ച് യാത്രക്കാരെ സഹായിക്കലാണ് എയര്‍ ഹോസ്റ്റസുമാരുടെ ഡ്യൂട്ടി. എന്നാല്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് അനുചിതമായ രീതിയില്‍ യാത്രക്കാര്‍ കല്‍പിച്ചാല്‍ സോറി പറഞ്ഞ് കൈയൊഴിയുകയാണ് പതിവ്. വിമാന കമ്പനിയില്‍ എയര്‍ ഹോസ്റ്റസായി ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി തങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. യാത്രക്കാരുടെ ബാഗുകള്‍ ചുമക്കരുതെന്ന് പരിശീലനത്തിനിടെ ഊന്നല്‍ നല്‍കുന്നുണ്ട്. യാത്രക്കാരുടെ ബാഗുകള്‍ ചുമക്കല്‍ ഞങ്ങളുടെ കര്‍ത്തവ്യമല്ല.

അഗ്‌നിബാധ, ഒഴിപ്പിക്കല്‍, മെഡിക്കല്‍ കേസുകള്‍, ശ്വാസംമുട്ടല്‍ പോലെ സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ചുമതല എയര്‍ ഹോസ്റ്റസിന്റെ അടിസ്ഥാന ജോലികളില്‍ പെടുന്നുവെന്നും ആലാ ഖലാവി പറഞ്ഞു.