മുംബൈ: മുംബൈ: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ മാറ്റങ്ങള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. ഭാര്യയും ഗായികയുമായ അമൃതാ സുരേഷുമായി ഒന്നിച്ചുള്ള ജീവിതം ഒരു വര്‍ഷം പിന്നിടുമ്പോള്‍, ചില പോസ്റ്റുകള്‍ നീക്കം ചെയ്യുകയും രണ്ടുപേരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. 2022 മെയ് മാസം 26നാണ് ജീവിതത്തില്‍ തങ്ങള്‍ ഒന്നിക്കുന്നു എന്ന് ഗോപിയും അമൃതയും പ്രഖ്യാപിക്കുന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പോസ്റ്റിനൊപ്പം ഇവര്‍ കുറിച്ചത്. ഈ പോസ്റ്റ് ഇപ്പോള്‍ ഗോപി സുന്ദറിന്റെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളില്‍ ഇല്ല. പക്ഷേ അമൃതയുടെ ഫേസ്ബുക്ക് പേജില്‍ ഈ പോസ്റ്റ് ഇപ്പോഴുമുണ്ട്. ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ മുന്‍ പങ്കാളി അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ കാണാന്‍ കഴിയും. എന്നിട്ടും ഈ പോസ്റ്റ് കാണാത്തത് ആരാധകരെ സംശയത്തിലാക്കിയിരിക്കുകയാണ്.
|
താരങ്ങള്‍ ചിലസമയങ്ങളില്‍ അവരുടെ മുന്‍കാല പോസ്റ്റുകള്‍ ആരാധകരില്‍ നിന്നും ഹൈഡ് ചെയ്ത് വയ്ക്കാറുണ്ട്. അങ്ങനെ എന്തെങ്കിലും ആണോയെന്നും ആരാധകര്‍ സംശയിക്കുന്നു. ഈ പ്രണയ പ്രഖ്യാപന പോസ്റ്റ് ഒഴികെ ഗോപി സുന്ദറിനൊപ്പമുള്ള മറ്റു ചിത്രങ്ങള്‍ എല്ലാം തന്നെ അമൃതയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇപ്പോഴും കാണാം. ജൂണ്‍ മാസം പകുതിയില്‍ ഗോപി സുന്ദറും അമൃതയും ചേര്‍ന്ന് കാനഡയില്‍ ഷോ നടത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
രണ്ടുദിവസം മുന്‍പ് നിലവിളക്ക് കൊളുത്തി, പാലുകാച്ചി ജീവിതത്തില്‍ ഒരു നല്ല തുടക്കം നടത്തിയ വിശേഷം അമൃത ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കുകയുണ്ടായി. വീടിന്റെ പാലുകാച്ചലാണോ, അതോ പുതിയ സംരംഭത്തിന്റെ തുടക്കമാണോ എന്നൊന്നും അതില്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിന്റെ വീഡിയോകളിലും ചിത്രങ്ങളിലും അമൃതയ്ക്കൊപ്പം അമ്മയും അനുജത്തി അഭിരാമിയും മകള്‍ പാപ്പുവും ആണ് ഉണ്ടായിരുന്നത്. അമൃതയുടെ ചില അടുത്ത ചങ്ങാതിമാരും പങ്കെടുത്തു. എല്ലാവരും ചേര്‍ന്നുള്ള ഒരു സെല്‍ഫിയും ഇവര്‍ പങ്കിട്ടിരുന്നു. എന്നാല്‍ ഇതിലൊന്നും ഗോപി സുന്ദറിനെ കണ്ടിരുന്നില്ല.
മലയാളികള്‍ക്ക് ഏറെ സുപരിചിതരായ രണ്ടു താരങ്ങളാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഇക്കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചതും. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇരുവരും ഒന്നായതിന്റെ ഒന്നാം വാര്‍ഷികം സന്തോഷമായി ആഘോഷിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ രണ്ടുപേരും തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


