30
Aug 2023
Fri
30 Aug 2023 Fri

തിരുവനന്തപുരം: പൂവാറിൽ 10ഉം 12ഉം വയസുള്ള സഹോദരിമാർക്ക് ക്രൂര ലൈംഗിക പീഡനം. മുൻ സൈനികന്‍ അറസ്റ്റില്‍. പൂവാർ സ്വദേശി ഷാജി (56)യാണ് പിടിയിലായത്. സ്‌കൂളിൽ കുട്ടികൾക്ക് നടത്തിയ കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത്. വനിതാ ശിശുവികസന കേന്ദ്രത്തിൽ നിന്നുള്ള കൗൺസിലർ കഴിഞ്ഞ ദിവസമാണ് സ്കൂളിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹോദരിമാരിൽ മൂത്ത പെൺകുട്ടിയാണ് കൗൺസിലിങ്ങിനിടെ പീഡന വിവരം പറഞ്ഞത്. പിന്നീട് സംശയം തോന്നിയ കൗൺസിലർ ഇളയ കുട്ടിയെയും വിളിച്ച് വരുത്തി ചോദിച്ചറിഞ്ഞപ്പോഴാണ് കൂടുതല്‍ വിവരങ്ങൾ അറിഞ്ഞത്. ക്രൂര ലൈംഗിക പീഡനമാണ് പത്ത് വയസ് പ്രായമുള്ള ഇളയ പെൺകുട്ടി നേരിട്ടത്. മാനസികമായും ശാരിരികമായും കുട്ടി വളരെ മോശമായ അവസ്ഥയിലാണ്.

കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്താണ് പ്രതി വീട്ടിലെത്തി ഒരു വർഷത്തോളമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്. മാതാപിതാക്കൾക്ക് ഇയാൾ ഇടയ്ക്കിടയ്ക്ക് സഹായമായി പണം
നൽകുകയും ചെയ്തിരുന്നു. കുടുബവുമായി ഇങ്ങനെ അടുപ്പം സ്ഥാപിച്ചായിരുന്നു പീഡനം.

അടുപ്പം മുതലെടുത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിലെത്തുന്ന പ്രതി കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കൗൺസിലർ വിവരം സ്കൂളിലെ അധ്യാപകരെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പൂവാർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിന് പിന്നാലെ ഷാജിയെ പിടികൂടി. പോക്സോ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.