21
Aug 2023
Thu
21 Aug 2023 Thu

പാര്‍ലമെന്റ് പിരിച്ചുവിട്ടു, പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പിലേക്ക്; ഇമ്രാന്‍ ഖാന്‍ ജയിലിലും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അഴിമതിക്കേസില്‍ ജയിലിലടച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പിലേക്ക്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പാര്‍ലമെന്റിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി ഓഗസ്റ്റ് 12ന് അവസാനിക്കുകയാണ്. ഇതിന് മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വന്നത്. അടുത്ത 90 ദിവസത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ ഷെരീഫും ഒരു പ്രതിപക്ഷ നേതാവും തിരഞ്ഞെടുക്കുന്ന ഒരു കെയര്‍ടേക്കര്‍ അഡ്മിനിസ്‌ട്രേഷനും നടപടികള്‍ ആരംഭിക്കും.

ഇടക്കാല പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി ഇരുപക്ഷത്തുനിന്നും ശുപാര്‍ശ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ വ്യാഴാഴ്ച പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തുമെന്ന് ഷെരീഫ് പറഞ്ഞു. എന്നിരുന്നാലും, പുതിയ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് മണ്ഡലങ്ങള്‍ പുനഃക്രമീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിനാല്‍ വോട്ടെടുപ്പ് ചിലപ്പോള്‍ വൈകാനും സാധ്യതയുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പിലുണ്ടാവുന്ന ഏത് കാലതാമസവും പൊതുജന രോഷത്തിന് ആക്കം കൂട്ടുമെന്നും രാജ്യത്ത് അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന അവിശ്വാസ വോട്ടെടുപ്പിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടതുമുതല്‍ ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ കേന്ദ്ര ബിന്ദുവാണ്. ഒടുവില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുന്ന അദ്ദേഹത്തിന് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല.