20
Nov 2023
Sat
20 Nov 2023 Sat

ഗസ: ഗസയില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഫലസ്തീന്‍ നാടക കലാകാരി ഇനാസ് അല്‍ സക്കയും 2 പെണ്‍മക്കളും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. ഗസയിലെ ഇന്‍ഡസ്ട്രി ജംങ്ഷനു സമീപമുള്ള ഓര്‍ത്തഡോക്സ് കള്‍ച്ചറല്‍ സെന്ററിലുണ്ടായ സ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ആക്രമണത്തെ ഭയന്ന് സ്വന്തം വീട്ടില്‍ നിന്ന് ഓര്‍ത്തഡോക്സ് കള്‍ച്ചറല്‍ സെന്ററില്‍ അഭയം തേടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹിക ഇടപെടലുകള്‍ക്കും നാടകരംഗത്തെ സംഭാവനകള്‍ക്കും പേരുകേട്ട താരമായിരുന്നു ഇനാസ്. ആക്രമണത്തില്‍ പെണ്‍മക്കളായ ലിനിനും സാറയുമാണ് മരിച്ചത്. ഇനാസിന്റെ മറ്റ് മക്കളായ ഇബ്രാഹിം, റീത്ത, ഫറ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഫലസ്തീന്‍ നാടക സമൂഹത്തിലെ ശ്രദ്ധേയയായ ഇനാസ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് കെയ്റോയിലേക്ക് (ഈജിപ്ത്) മാറിയിരുന്നുവെങ്കിലും അടുത്തിടെ വീണ്ടും ഗസയിലേക്ക് മടങ്ങിയിരുന്നു.

ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദമുള്ള ഇനാസ്, ‘ദ ബിയര്‍’, ‘സംതിംഗ് ഹാപ്പനിംഗ്’ തുടങ്ങിയ നാടകങ്ങളിലൂടെയാണ് പ്രശസ്തയായത്. അതേസമയം, ഒക്ടോബര്‍ 22ന് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഫലസ്തീന്‍ കവയത്രി ഹിബ അബു നദയും (32) ഗസയില്‍ കൊല്ലപ്പെട്ടിരുന്നു. ഗസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിബ കൊല്ലപ്പെട്ടത്.