മുംബൈ: താരങ്ങളുടെ ജീവിതം വച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയുണ്ടാക്കി ഫോളോവേഴ്സിനെ കൂട്ടാന്‍ ശ്രമിക്കുന്ന പേജുകള്‍ക്കെതിരെ നടി മംമ്ത മോഹന്‍ദാസ് രംഗത്ത്. തന്റെ പേരില്‍ വന്നൊരു വ്യാജ വാര്‍ത്തയുടെ കമന്റ് ബോക്സിലൂടെയായിരുന്നു മംമ്തയുടെ പ്രതികരണം.”ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഞാന്‍ മരണത്തിന് കീഴടങ്ങുന്നു. പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിതജീവിതം ഇങ്ങനെ..” എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ഗീതു നായര്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. സ്വാഭാവികമായും ഇതൊരു വ്യാജ അക്കൗണ്ട് തന്നെയായിരുന്നു. പിന്നാലെ മംമ്ത തന്നെക്കുറിച്ചുള്ള വാര്‍ത്തയുടെ കമന്റ് ബോക്സിലെത്തുകയായിരുന്നു.
|
”ഓക്കെ. ഇനി പറ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്? നിങ്ങളുടെ പേജിന് ശ്രദ്ധ കിട്ടാന്‍ വേണ്ടി എന്തും പറയുമെന്നാണ് തോന്നുന്നത്” എന്നായിരുന്നു മംമ്തയുടെ മറുപടി. ഇതുപോലെയുള്ള തട്ടിപ്പ് പേജുകള്‍ ഫോളോ ചെയ്യരുതെന്നും മംമ്ത പറയുന്നുണ്ട്. പിന്നാലെ മംമ്തയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തുകയും ചെയ്തു. ഇതോടെ പേജ് വാര്‍ത്ത ഡിലീറ്റാക്കുകയും സോഷ്യല്‍ മീഡിയയില്‍ നന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
നിരവധി പേരാണ് മംമ്തയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഈയടുത്താണ് മംമ്തയുടെ ആരോഗ്യസ്ഥിതി വളരെ മോശമാകുന്നത്. തനിക്ക് വിറ്റിലിഗോ ആണെന്ന് മംമ്ത തന്നെയാണ് തുറന്ന് പറഞ്ഞത്. തൊലിയുടെ നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്നമാണിത്. രോഗാവസ്ഥ തിരിച്ചറിഞ്ഞതിനെക്കുറിച്ചും മേക്കപ്പില്ലാതെ പുറത്തിറങ്ങിയപ്പോഴുണ്ടായ അനുഭവവുമൊക്കെ മംമ്ത തുറന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. വിദേശത്തായിരുന്നു മംമ്തയുടെ ചികിത്സ.
അതേസമയം ഇതാദ്യമായിട്ടല്ല മംമ്തയ്ക്ക് ആരോഗ്യം പ്രശ്നം വരുന്നത്. നേരത്തെ രണ്ട് തവണ മംമ്തയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നു. ക്യാന്‍സറിനെ രണ്ട് തവണ പോരാടി തോല്‍പ്പിച്ച മംമ്ത അഭിനയത്തില്‍ സജീവമായി മാറുകയായിരുന്നു. പിന്നാലെയാണ് താരത്തെ തേടി വിറ്റിലിഗോ എത്തുന്നത്.
അതേസമയം, ബാന്ദ്രയാണ് മംമ്തയുടെ പുതിയ സിനിമ. ദിലീപാണ് ചിത്രത്തിലെ നായകന്‍. തെന്നിന്ത്യന്‍ താര സുന്ദരി തമന്നയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പിന്നാലെ തമിഴില്‍ വിജയ് സേതുപതി നായകനാകുന്ന മഹാരാജ എന്ന ചിത്രത്തിലും മംമ്ത അഭിനയിക്കുന്നുണ്ട്.


