08
Nov 2023
Wed
08 Nov 2023 Wed

ഇസ്രായേല്‍ സൈന്യം ഗസ്സ സിറ്റിയില്‍; ഗസ്സ കീഴടക്കുമെന്ന് നെതന്യാഹു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഗസ്സ: ഇസ്രായേല്‍ സൈന്യം ഗസ്സ സിറ്റിയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. സൈനികര്‍ ഗസ്സ സിറ്റിയുടെ ഹൃദയഭാഗത്ത് എത്തിയെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഒരുമാസം പിന്നിട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം മരണം 10,518 ആയി. 4,412 കുട്ടികളും 2,761 സ്ത്രീകളും 596 പ്രായമായവരും ഇതില്‍പ്പെടും. ആക്രമണത്തില്‍ ഗസ്സയിലെ ചരിത്രപ്രസിദ്ധമായ സലാഹുദ്ദീന്‍ അയ്യൂബി മസ്ജിദ് ഭാഗകമായി തകര്‍ന്നു. ഗസ്സയിലെ സൈതൂന്‍ പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന പള്ളിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അതിന്റെ ഒരുഭാഗം നിലംപൊത്തി. കൊല്ലപ്പെട്ട 70 ശതമാനം പേരും സാധാരണക്കാരാണ്. 2.350 പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലാണ്. 28,137 പരുക്കുകളോടെ ചികിത്സയിലാണ്. 50 ഓളം കുടുംബങ്ങള്‍ മൊത്തമായി കൊല്ലപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 192 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 16 ആശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനം നിലച്ചു. 32 ആംബുലന്‍സുകള്‍ നശിപ്പിക്കപ്പെട്ടു.

അതിനിടെ ഗസ്സയിലെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം നടത്തി. റെഡ്‌ക്രോസ് സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായി. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിന്റെ സ്റ്റാഫും കൊല്ലപ്പെട്ടു.ഗസ്സയുടെ സുരക്ഷാ ചുമതല പൂര്‍ണമായും ഇസ്രായേല്‍ ഏറ്റെടുക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് എത്ര കാലത്തേക്കാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇസ്രായേല്‍ ആക്രമണം രൂക്ഷമായി തുടരുന്ന ഗസ്സയില്‍ ജനജീവിതം അനുദിനം കൂടുതല്‍ ദുരിത പൂര്‍ണമാവുകയാണ്. ഓരോ ദിവസവും 20നും 30നും ഇടയില്‍ വീതം ട്രക്കുകള്‍ ഗസ്സയില്‍ എത്തുന്നുണ്ടെങ്കിലും ഇത് വളരെ അപര്യാപ്തമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക