കോഴിക്കോട് എരവന്നൂര്‍ സ്‌കൂള്‍ കയ്യാങ്കളി; അധ്യാപകന്‍ അറസ്റ്റില്‍
|
കോഴിക്കോട്: എരവന്നൂര്‍ എയുപി സ്‌കൂളിലെ അധ്യാപകര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട എന്‍ടിയു നേതാവും മറ്റൊരു സ്‌കൂളിലെ അധ്യാപകനുമായ എംപി ഷാജി അറസ്റ്റില്‍. കാക്കൂര്‍ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സമീപത്തുള്ള സ്‌കൂളിലെ അധ്യാപകനാണ് ഷാജി. എരവന്നൂര്‍ സ്‌കൂളിലെ സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമായിരുന്നു കയ്യാങ്കളി. ഷാജിയുടെ ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളാണ് എരവന്നൂര്‍. ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഷാജിയുടെ ഭാര്യയുമായി ബന്ധപ്പെട്ട തര്‍ക്കം സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
ഷാജി സ്റ്റാഫ് മീറ്റിങ്ങിനിടെ കയറി ചെല്ലുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ അടക്കമുള്ളവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്‌കൂളിലെ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം എരവന്നൂര്‍ സ്‌കൂളിലെ അധ്യാപകര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഷാജിയുടെ ആരോപണം. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുവിഭ്യാഭ്യാസ വകുപ്പിനോട് വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടിയതായാണ് വിവരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





