29
Dec 2023
Thu
29 Dec 2023 Thu

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഡോ. റുവൈസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിൽ കഴിയവെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത റുവൈസിനെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും. തുടർന്ന് റിമാൻഡ് ചെയ്തേക്കും. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തുന്നത് സംബന്ധിച്ച് പിന്നീട് വിശദമാക്കുമെന്ന് പൊലീസ് പറഞ്ഞു.

റുവൈസുമായി ഷഹന പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. സ്ത്രീധനമായി 150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യു കാറുമാണ് റുമൈസിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടത്. ഇതിനായി റുവൈസ് സമ്മർദം ചെലുത്തുകയും പണമാണ് ഏറ്റവും വലുതെന്ന് പറയുകയും ചെയ്തെന്ന് ഷഹനയുടെ വീട്ടുകാർ വ്യക്തമാക്കി.

ചോദിച്ച സ്ത്രീധനം നൽകാനാവാത്തതിനെ തുടർന്ന് റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങിയതോടെ ഷഹന മാനസികമായി തകർന്നിരുന്നു. ഡിസംബർ നാലിന് രാത്രിയാണ് ഷഹനയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്.

രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.