2017ലുണ്ടായ കാറപകടത്തെ തുടര്‍ന്ന് കോമയിലാണ്ട യുവതി അമ്മ പറഞ്ഞ തമാശകേട്ട് പൊട്ടിച്ചിരിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തി. യുഎസിലെ മിഷിഗണിലാണ് അപൂര്‍വമായ സംഭവം. ജെന്നിഫര്‍ ഫ്‌ലിവലന്‍ എന്ന യുവതിയാണ് ആറുവര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ കോമയിലാണ്ടുപോയത്. ജീവിതത്തിലേക്ക് സ്വബോധത്തോടെ തിരികെ വരില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്ത് തിരുത്തിയെഴുതിയാണ് ജെന്നിഫര്‍ അമ്മ പെഗി മീന്‍സിന്റെ തമാശയില്‍ പ്രതികരിച്ച് ജീവിതതത്തിലേക്ക് തിരികെയെത്തുന്നത്.
|
2022 ആഗസ്തിലായിരുന്നു ജെന്നിഫര്‍ അമ്മയുടെ തമാശകേട്ട് ചിരിച്ചത്. മകള്‍ കോമയില്‍ നിന്ന് ഉണരുന്നുവെന്ന് പെഗിക്ക് ഇതോടെ മനസ്സിലായി. ഇതിനു ശേഷം സംസാരശേഷിയും സഞ്ചാരശേഷിയും വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളോട് 41കാരിയായ ജെന്നിഫര്‍ മികച്ച രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്.
ജെന്നിഫറിന്റെ സുഖപ്രാപ്തി അത്യപൂര്‍വമാണെന്ന് അവരുടെ ഡോക്ടറായ റാല്‍ഫ് വാങ് സാക്ഷ്യപ്പെടത്തുന്നു. ഇളയമകന്റെ ഫുട്‌ബോള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നും മറ്റ് തെറാപ്പി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുമൊക്കെ ജെന്നിഫര്‍ മികച്ച പുരോഗതിയാണ് കാഴ്ചവയ്ക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.


