ഇസ്രയേലിനോട് പ്രതികാരത്തിന് തയ്യാറെടുത്ത് പുതിയൊരു പോരാളി ഗ്രൂപ്പ് കൂടി. (A new Iran proxy group to take revenge on Israel) റഷ്യ ടുഡേയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ലബ്നാനിലെ ഹിസ്ബുല്ലയും യെമനിലെ ഹൂതികളും സിറിയയിലെയും ഇറാഖിലെയും പോരാളികളുമാണ് നിലവില്‍ ആക്സിസ് ഓഫ് റസിസ്റ്റന്‍സില്‍ ഉള്ളത്. ഇറാന് ഭരണകൂടത്തിന്റെ നിര്‍ദേശം എന്താണെങ്കിലും ജീവന് നല്‍കിയും നടപ്പാക്കുന്ന ഗ്രൂപ്പുകളാണിത്.
|
ഇവര്‍ക്ക് പുറമെ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന് റോമനൈസ്ഡ് എന്ന ഗ്രൂപ്പ് ഫ്രാന്‍സിലും അല്‍ബേനിയയിലും പ്രവര്‍ത്തിക്കുന്ന ഒരു ഇറാനിയന്‍ അനുകൂല ഗ്രൂപ്പാണ്. വിവിധ ഇറാനിയന്‍ വിമത ഗ്രൂപ്പുകള്‍ ചേര്‍ന്ന ഈ സഖ്യത്തിന് ഇറാന് ഭരണകൂടത്തോട് എതിര്‍പ്പുണ്ടെങ്കിലും ഇസ്രായേല്‍ വിരുദ്ധ നിലപാടില്‍ ഇവര്‍ ഇറാനോട് യോജിക്കുന്നു.
ALSO READ: ഇറാന് അണു ബോംബ് നിര്‍മിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്; യുദ്ധഭീതിയില്‍ ഇസ്രായേല്‍
ഇസ്രായേലിനെതിരെ ഇറാന് പ്രതികാരം തുടങ്ങിയാല്‍ ആ സന്ദര്‍ഭം ഉപയോഗിച്ച് ഇസ്രയേലിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ഈ ഗ്രൂപ്പുകള്‍ കാത്തിരിക്കുന്നത്. റഷ്യയുടെ പിന്തുണയോട് കൂടി ആക്രമണത്തിനുള്ള അനുകൂല സമയം കാത്തിരിക്കുകയാണ് ഇറാന്. ഉക്രെയ്ന് പ്രതിസന്ധി ഏറെക്കുറെ കെട്ടടങ്ങുന്നതോടെ റഷ്യയുടെ ശ്രദ്ധ കൂടുതലായി പശ്ചിമേഷ്യയിലേക്ക് തിരിയും. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇറാനെന്നാണ് സൂചന.
യമനിലെ ഹൂതികളെപ്പോലെ ഇറാഖിലെ പോരാളികളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇവര്‍ എപ്പോഴും അമേരിക്കയോടും ഇസ്രയേലിനോടുമുള്ള തങ്ങളുടെ പക പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഇറാഖിലെ സൈനിക പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക അയവ് വരുത്തിയെങ്കിലും ലെബനനിലും ഇറാനിലും ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രകോപിതരായ ഇറാഖിലെ പ്രതിരോധസേന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ അടക്കം ആക്രമിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുല്ല ഇസ്രായേലിനെതിരെ നടത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ ഭാഗമായി വടക്കന്‍ ഇസ്രയേലിലേക്ക് 230 മിസൈലുകളാണ് ഹിസ്ബുല്ല അയച്ചത്. ഇസ്രായേലിന്റെ മിറോണ്‍, സാതുന്‍, സഹേല്‍ സൈനിക താവളങ്ങളും ഗോലാന്‍ കുന്നുകളിലെ നിരവധി ബാരക്കുകളും താവളങ്ങളുമാണ് ഹിസ്ബുല്ല ലക്ഷ്യമിട്ടത്.
ആക്സിസ് ഓഫ് റെസിസ്റ്റന്‍സിന്റെ പ്രതികാരത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും ഇസ്രയേല്‍ ഇനിയാണ് ഭയക്കേണ്ടതെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ആക്രമണത്തില്‍ പറ്റിയ നാശനഷ്ടം എത്രയാണ് എന്നത് ഇതുവരെ ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല.
ഹിസ്ബുല്ലയുടെ ആക്രമണം വരാന്‍പോകുന്ന വലിയ ആക്രമണത്തിന് മുന്‍പ് ഇറാന് നടത്തിയ ഒരു പരീക്ഷണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനുള്ള സാധ്യത തന്നെയാണ് ഇസ്രായേല്‍ വിരുദ്ധരുടെ നിലവിലെ തയ്യാറെടുപ്പുകളും സൂചിപ്പിക്കുന്നത്. യുക്രെയിന് റഷ്യ യുദ്ധം അവസാന ലാപ്പിലേക്ക് കടന്ന സാഹചര്യത്തില്‍ ഇനി ഇസ്രയേലിന് നേരെ ഏത് സമയവും ആക്രമണം ഉണ്ടാകുമെന്ന് തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.


