01
Jan 2024
Tue
01 Jan 2024 Tue

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചു; തൊട്ടുമുമ്പ് RSS കാരാല്‍ കൊല്ലപ്പെട്ട SDPI നേതാവ് KS ഷാനിന് നീതിയെവിടെ?

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ആര്‍.എസ്.എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ക്ക് ഇന്ന് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ തൊട്ടുമുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാനിന് നീതിയെവിടെയെന്ന് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസ് ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുബോധവും മാധ്യമങ്ങളും ബോധപൂര്‍വ്വം ഒഴിവാക്കിക്കളയുന്ന പേരാണ് ഷാനിന്റെതെന്നും ശ്രീജ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ആലപ്പുഴയിലെ ബിജെപി, ആര്‍എസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ 15 പ്രതികള്‍ക്കും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിജി ശ്രീദേവിയാണ് ഇന്ന് രാവിലെ വധശിക്ഷ വിധിച്ചത്. 2021 ഡിസംബര്‍ 19നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ കയറിയ സംഘം രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നതിനു പ്രതികാരമായാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. രഞ്ജിത്ത് കൊലക്കേസില്‍ പിടിയിലായവര്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. അതേസമയം രഞ്ജിത്ത് ശ്രീനിവാസന്റെ പ്രതികാരക്കൊലയ്ക്ക് കാരണമായ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ വധിച്ച കേസില്‍ ഇതുവരെയും വിചാരണ തുടങ്ങിയിട്ടില്ല. കേസില്‍ പ്രോസിക്യൂട്ടറെ പോലും നിയമിക്കാത്തതിനെതിരേ ഷാന്റെ പിതാവ് സലിം രംഗത്തുവന്നിരുന്നു. ഇതിനു ശേഷമാണ് പ്രോസിക്യൂട്ടറെ നിയമിച്ചത്. ഈ സാഹചര്യത്തിലാണ് ശ്രീജയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നത്.

ശ്രീജയുടെ പോസ്റ്റ് ഇങ്ങനെ:

ചിലത് പറയാതിരിക്കാന്‍ കഴിയില്ലല്ലോ …
എന്തിനാണ് ബി ജെ പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊലചെയ്യപ്പെട്ടത് എന്നതിന്റെ ഉത്തരമാണ് ഇന്നത്തെ കോടതി വിധി ..
ഇരയാക്കപ്പെടുന്ന മനുഷ്യര്‍ക്ക് ഒരിക്കലും നീതി കിട്ടില്ല എന്ന ഉറപ്പാണ് ആ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് .. അഥവാ നീതിന്യായ വ്യവസ്ഥയോടുള്ള ഇരകളുടെ വിശ്വാസമില്ലായ്മ ..
രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസ് ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുബോധവും മാധ്യമങ്ങളും ബോധപൂര്‍വ്വം ഒഴിവാക്കിക്കളയുന്ന ഒരു പേരില്ലേ ?
ഓര്‍മ്മയുണ്ടോ ആ പേര്?
അഡ്വ കെ ഷാന്‍ ..
ആരായിരുന്നു ഷാന്‍?
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ ഷാന്‍ … 2021 ഡിസംബര്‍ 18 ന് രാത്രി ആര്‍ എസ് എസ് ഭീകരവാദികള്‍ നിരപരാധിയായ ആ മനുഷ്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .. ഡിസംബര്‍ 19 ന് രാവിലെ അതായത് ഷാന്‍ കൊല്ലപ്പെട്ട് പിറ്റേ ദിവസം രാവിലെ രഞ്ജിത്ത് ശ്രീനിവാസനെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി അഥവാ പ്രതികാരക്കൊല …
ഞങ്ങളില്‍ പെട്ട ഒരുത്തനെ കൊന്നാല്‍ നിങ്ങളില്‍ പെട്ടവനെ ഞങ്ങളും കൊല്ലും എന്ന നിലപാട് ..അഥവാ പാടത്ത് പണി വരമ്പത്ത് കൂലി .. ആ നിലപാട് തീര്‍ച്ചയായും നിയമ സംവിധാനം നിലനില്‍ക്കുന്ന ഒരു ഒരു രാജ്യത്ത് തെറ്റ് തന്നെയാണ് ഒരു സംശയവുമില്ല .. പക്ഷേ നീതി കിട്ടില്ലെന്ന് ഉറപ്പുള്ളപ്പോള്‍ മനുഷ്യര്‍ നടത്തുന്ന പ്രതിരോധമാണത് …
ഷാനിന് ഇവിടത്തെ നിയമ സംവിധാനം നീതി നല്‍കിയോ …? ഷാന്‍ വധക്കേസിലെ പ്രതികള്‍ അഥവാ ആര്‍ എസ് എസ് ഭീകരവാദികള്‍ ജാമ്യത്തിലാണ് . കേസിന്റെ വിചാരണ ഫെബ്രുവരി ആദ്യവാരം തുടങ്ങാനിരിക്കുന്നതേയുള്ളൂ .. എന്നാല്‍ പ്രതികാരക്കൊല നടത്തിയ പ്രതികള്‍ക്ക് കോടതി തൂക്കുകയര്‍ വിധിച്ചിട്ടുമുണ്ട് … എത്ര ചടുലമായാണ് ആ കേസ് തീര്‍പ്പ് കല്പിച്ചത് .. എത്ര വേഗതയിലാണ് പോലീസ് ആ കേസന്വേഷണം പൂര്‍ത്തിയാക്കിയത് ..
ഷാന്‍ വധക്കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണം … അതാണ് നീതി .. അതുവരെ രഞ്ജിത്ത് ശ്രീനിവാസന്‍ കേസിലെ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ അനീതിയാണ് .. കാരണം രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയിലേക്ക് നയിച്ച കാരണം ഷാന്‍ വധമാണ് ഷാനിനെ വധിച്ചത് ആര്‍ എസ് എസ് ഭീകരന്മാരാണ് .. ആ പ്രതികള്‍ നാട്ടില്‍ വിഹരിക്കുമ്പോള്‍ എങ്ങനെയാണ് ഈ വിധി നീതിയാകുന്നത്? പച്ചയായ ഇരട്ടത്താപ്പല്ലേ അത് …
ചോദിക്കാന്‍ ഒന്ന് മാത്രം ആര്‍ എസ് എസ് ഭീകരവാദികളാല്‍ കൊല്ലപ്പെട്ട എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ ഷാനിന് നീതിയെവിടെ?

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക