ഡല്‍ഹി: മണിരത്‌നത്തിന്റെ റോജയിലൂടെ ഇന്ത്യയെമ്പാടും തരംഗം സൃഷ്ടിച്ച നടന്‍ അരവിന്ദ് സ്വാമിയുടെ പിതാവ് താനാണെന്ന വെളിപ്പെടുത്തലുമായി നടന്‍ ഡല്‍ഹി കുമാര്‍. ഡാഡി, ദേവരാഗം, ഒറ്റ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും തിളങ്ങിയ നടനാണ് അരവിന്ദ് സ്വാമി.മണിരത്‌നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച നടനാണ് അരവിന്ദ് സ്വാമി. ഇടക്കാലത്ത് സിനിമയില്‍നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം കടല്‍, തനി ഒരുവന്‍ എന്നീ ചിത്രങ്ങളിലൂടെ വന്‍ തിരിച്ചുവരവാണ് നടത്തിയത്. അരവിന്ദ് സ്വാമിയേക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് തമിഴിലെ സീനിയര്‍ നടനായ ഡല്‍ഹി കുമാര്‍.
|
അരവിന്ദ് സ്വാമി തന്റെ മകനാണെന്നാണ് ഡല്‍ഹി കുമാര്‍ അവകാശപ്പെട്ടിരിക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ജനിച്ചയുടനെ അരവിന്ദ് സ്വാമിയെ സഹോദരിക്ക് ദത്ത് നല്‍കിയെന്നും പിന്നീട് മകനുമായി ആ ഒരു ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.
‘അരവിന്ദ് സ്വാമി എന്റെ മകനാണ്. ജനിച്ചയുടനെ സഹോദരി ദത്തെടുക്കുകയായിരുന്നു. അവന്‍ അവരുമായി വേഗം പൊരുത്തപ്പെട്ടു. കുടുംബത്തില്‍ എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ മാത്രമേ വരാറുള്ളൂ. വളരെ പെട്ടെന്ന് തന്നെ അവിടെ നിന്ന് പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ പിന്നീട് ആ ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല’. ഡല്‍ഹി കുമാര്‍ പറഞ്ഞു.
അരവിന്ദ് സ്വാമിക്കൊപ്പം സിനിമ ചെയ്യുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും ഡല്‍ഹി കുമാര്‍ വ്യക്തമാക്കി. നല്ലൊരു അവസരം ലഭിച്ചാല്‍ സിനിമ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിക്കിപീഡിയയില്‍ അരവിന്ദ് സ്വാമിയുടെ അച്ഛന്റെ പേര് വി. ഡി സ്വാമി എന്നാണ്. വ്യവസായിയും ചെന്നൈയിലെ പ്രമുഖ കണ്ണാശുപത്രിയുടെ സ്ഥാപകനുമാണ് ഇദ്ദേഹം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





