22
Aug 2023
Sat
22 Aug 2023 Sat

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആദ്യ മല്‍സരത്തില്‍ കളിക്കാതിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരികെയെത്തിയിട്ടും അല്‍ നസറിന് വിജയമില്ല.ഇന്ന് അല്‍ താവൂനെ നേരിട്ട അല്‍ നസര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടു. അല്‍ നസറിന്റെ ഹോം ഗ്രൗണ്ടില്‍ ആയിരുന്നു മത്സരം. ലീഗിലെ ആദ്യ മത്സരത്തില്‍ അല്‍ നസര്‍ ഇത്തിഫാഖിനോടും പരാജയപ്പെട്ടിരുന്നു.
അല്‍ നസറിന്റെ ആദ്യ ഇലവനില്‍ ഇന്ന് റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വലിയ താരങ്ങള്‍ തിരികെയെത്തി എങ്കിലും കാര്യമുണ്ടായില്ല. മത്സരത്തിന്റെ ഇരുപതാം മിനുട്ടില്‍ ഒരു കോര്‍ണറില്‍ നിന്ന് തവാംബയാണ് താവൂന് ലീഡ് നല്‍കിയത്. ഈ ഗോളിന് മറുപടി കൊടുക്കാന്‍ അല്‍ നസര്‍ ഏറെ കഷ്ടപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാം പകുതിയുടെ അവസാനം അല്‍ നസര്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും അല്‍ തവൂന്‍ താരങ്ങള്‍ എല്ലാം ഡിഫന്‍ഡ് ചെയ്തു. 89ആം മിനുട്ടില്‍ റൊണാള്‍ഡോയുടെ ഷോട്ട് ഗോള്‍ പോസ്റ്റില്‍ തട്ടിയാണ് മടങ്ങിയത്. ഇഞ്ച്വറി ടൈമില്‍ മാനെ അല്‍ നസറിനായി സമനില ഗോള്‍ നേടിയെങ്കിലും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നു. 96ആം മിനുട്ടില്‍ താവൂന്‍ ബഹുഷനിലൂടെ അവരുടെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ അല്‍ നസറിന്റെ പരാജയം ഉറപ്പായി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടത് അല്‍ നസറിന്റെ ലീഗ് കിരീട പോരാട്ടത്തിന് വലിയ തിരിച്ചടിയാണ്

ലീഗില്‍ മറ്റൊരു ക്ലബ്ബായ അല്‍ അഹ്ലിക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്ന് എവേ മത്സരത്തില്‍ അല്‍ ഖലീജിനെ നേരിട്ട അല്‍ അഹ്ലി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. അല്‍ അഹ്ലിക്ക് വേണ്ടി റിയാദ് മഹ്‌റസ് തന്റെ ആദ്യ ഗോള്‍ ഇന്ന് നേടി. ഒമ്പതാം മിനുട്ടില്‍ മറ്റൊരു പുതിയ സൈനിംഗ് ആയ ഇബാനസിലൂടെ ആണ് അല്‍ അഹ്ലി ലീഡ് എടുത്തത്.

ആദ്യ പകുതിയുടെ അവസാനം മഹ്‌റസും ഗോള്‍ കണ്ടെത്തി. സ്‌കോര്‍ 2-0. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹാംസിയിലൂടെ ഖലീജ് ഒരു ഗോള്‍ മടക്കിയത് കളി ആവേശകരമാക്കി. എങ്കിലും പരാജയം ഒഴിവാക്കാന്‍ ഖലീജിനായില്ല. അവസാനം അല്‍ നബിത് കൂടെ ഗോള്‍ നേടിയതോടെ അല്‍ അഹ്ലിയുടെ വിജയം പൂര്‍ത്തിയായി. ഈ വിജയത്തോടെ അല്‍ അഹ്ലി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക്കുമായി ഹീറോ ആയ ഫിര്‍മിനോ ഇന്ന് അഹ്ലിക്ക് ആയി കളത്തില്‍ ഇറങ്ങിയിരുന്നില്ല.