ലണ്ടന്‍: ആലപ്പുഴ കണ്ണങ്കര സ്വദേശിനി ബ്രിട്ടനില്‍ മരിച്ചു. ഏറനാട്ടുകളത്തില്‍ കൊച്ചൗസേഫിന്റെ മകള്‍ മെറീനാ ജോസഫ്(46) ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ച് കഠിനമായ പല്ലു വേദന വന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മെറീന ജോസഫ് ബ്ലാക്ക്പൂള്‍ ജിപിയില്‍ ചികില്‍സ തേടുകയായിരുന്നു.
|
ചികില്‍സയ്ക്കിടെ കുഴഞ്ഞു വീണതോടെ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവിടെവച്ച് തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതോടെ വെന്റിലേറ്റര്‍ ഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സര്‍ജറിക്കായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുകയും രാത്രി എട്ടോടെ മരിക്കുകയുമായിരുന്നു.
സീനിയര്‍ കെയറര്‍ വിസയില്‍ മെറീന യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ജോലി സംബന്ധമായി ബ്ലാക്ക് പൂളില്‍ സഹോദരി എല്‍സമ്മ സ്റ്റീഫനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പതിനെട്ടും പതിനഞ്ചും വയസ്സ് വീതമുള്ള രണ്ടു മക്കളാണ് മെറീനയ്ക്കുള്ളത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ക്കായി ബ്ലാക്ക് പൂള്‍ മലയാളി കമ്മ്യൂണിറ്റി ഭാരവാഹികള്‍ മെറീനയുടെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ട്.


