ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഭീതി ജനിപ്പിച്ച് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. ഇന്നലെ അര്‍ധരാത്രിയോടെയാണ് ഗുണ്ടകള്‍ തമ്മില്‍ത്തല്ലിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
|
സംഘര്‍ഷത്തിനിടെ വിഷ്ണു എന്നൊരാള്‍ എതിര്‍സംഘത്തിനു നേര്‍ക്ക് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പിന്നാലെ കൂട്ടത്തല്ലുണ്ടായി. അതിനിടെ വിഷ്ണുവിന്റെ തല ഒരുകൂട്ടര്‍ ചേര്‍ന്ന് പട്ടികകൊണ്ട് അടിച്ചുപൊട്ടിച്ചു. പത്തോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണ്.
ആലപ്പുഴ വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഹരിപ്പാടുനിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു സംഘം എത്തിയിരുന്നു. ഇവര്‍ സമീപത്തെ കെടിഡിസി ബിയര്‍ പാര്‍ലറില്‍ എത്തി. അവിടെ വെച്ച് വിഷ്ണു അടക്കമുള്ള മറ്റൊരു കൂട്ടരുമായി വാക്കേറ്റമുണ്ടായി എന്നാണ് വിവരം. ആദ്യം ബിയര്‍ പാര്‍ലറിന് മുന്നില്‍വെച്ചും പിന്നീട് ഉത്സവത്തിന്റെ കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ നടക്കുന്ന പരിസരത്തുവെച്ചുമാണ് സംഘര്‍ഷമുണ്ടായത്.
സംഘര്‍ഷത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി കുറച്ചുപേരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ രണ്ടുപേര്‍ പോലീസ് ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ വണ്ടാനം മെഡിക്കല്‍ കോളേജിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടു.





