15
Dec 2024
Mon
15 Dec 2024 Mon
Amazon founder Jeff bezoz

കോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് വിവാഹിതനാവുന്നു. ലോറന്‍ സാഞ്ചെസാണ് വധു. (Amazon founder Jeff Bezos gets married; cost over 5000 crores)  ഡിസംബര്‍ 28ന് അമേരിക്കയിലെ കൊളറാഡോയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും വിവാഹിതാവുമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഡംബര വിവാഹത്തിനായി 600 ദശലക്ഷം ഡോളറാണ് (ഏകദേശം 5096 കോടി രൂപ) പൊടിപൊടിക്കുന്നത്. വിന്റര്‍ തീമില്‍ സജ്ജീകരിച്ച അത്യാഡംബര റിസോര്‍ട്ടായ മാത്സുഹിസ ഇരുവരും വിവാഹ വിരുന്നിനായി തിരഞ്ഞെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

2023 മെയ് മാസത്തിലാണ് ജെഫ് ബെസോസിന്റേയും ലോറന്‍ സാഞ്ചെസ്സിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇറ്റലിയില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ ബില്‍ ഗേറ്റസ്, ലിയനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാന്‍ റാണി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു. വിവാഹവും താരനിബിഡമാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍, ബെസോസോ ലോറന്‍ സാഞ്ചെസ്സോ ഈ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി ആസ്പെനിലെ നിരവധി ആഡംബര ഹോട്ടലുകളും സ്വകാര്യ കൊട്ടാരങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്പെനിലെത്തിച്ചിരിക്കുന്നത്.

Amazon founder Jeff bezoz marriage

വിവാഹത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇരുവരും അതീവ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഒരു വിവരങ്ങളും പുറത്തുവിടരുതെന്ന് വിവാഹവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട കമ്പനികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ബുക്ക് ചെയ്ത ഹോട്ടലുകള്‍ക്കും ഇടപെട്ട വ്യക്തികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2018ലാണ് 60കാരനായ ജെഫ് ബെസോസും 55 വയസ്സുള്ള സാഞ്ചെസ്സും ഡേറ്റിങ് ആരംഭിച്ചത്. 2019ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ലോറന്‍ സാഞ്ചെസ്.

എമ്മി പുരസ്‌കാര ജേതാവായ മാധ്യമപ്രവര്‍ത്തക കൂടിയാണ് ലോറന്‍. മാധ്യമപ്രവര്‍ത്തനത്തിന് പുറമെ പൈലറ്റായും, സാമൂഹിക പ്രവര്‍ത്തകയായും അഭിനേത്രിയായും ലോറന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മക്‌കെന്‌സീ സ്‌കോട്ടുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചതിന് പിന്നാലെയാണ് ജെഫ് , ലോറനുമായി പ്രണയത്തിലായത്. ലോറനും ആ സമയത്ത് ഭര്‍ത്താവായിരുന്ന പാട്രിക് വൈറ്റ്‌ഷെലുമായി പിരിഞ്ഞ് കഴിയുകയായിരുന്നു.

Jeff bezoz and Lauren Sanches

ബ്ലൂംബെര്‍ഗിന്റെ സമ്പന്ന സൂചിക പ്രകാരം, 60 കാരനായ ജെഫ് ബെസോസ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്. 244 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ലോറന്‍ സാഞ്ചസ് ദി വ്യൂ, കെടിടിവി, ഫോക്‌സ് 11 എന്നിവയുള്‍പ്പെടെ നിരവധി വാര്‍ത്താ ചാനലുകളുടെ റിപ്പോര്‍ട്ടറും വാര്‍ത്താ അവതാരകയുമായിരുന്നു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ ഹെഡ്ജ് ഫണ്ട് ഡി.ഇ.ഷോയ്ക്ക് വേണ്ടി ജോലി ചെയ്യുമ്പോഴാണ് മക്കെന്‍സി സ്‌കോട്ട് ജെഫ് ബെസോസിനെ കണ്ടുമുട്ടുന്നത്. ആമസോണ്‍ തുടങ്ങുന്നതിനായി സിയാറ്റിലിലേക്ക് മാറുന്നതിന് മുമ്പ് 1993 ല്‍ ഇരുവരും വിവാഹിതരായി.

ജെഫ് ബെസോസുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മക്കെന്‍സി സ്‌കോട്ട് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചത്. ജെഫ് ബെസോസില്‍ നിന്നുള്ള വിവാഹമോചനത്തിന് ശേഷം, മക്കെന്‍സി സ്‌കോട്ടിന് 2,53,600 കോടി രൂപയുടെ ആമസോണ്‍ ഓഹരി ലഭിച്ചിരുന്നു