Android security threat warning ആന്‍ഡ്രോയിഡ് ഫോണുകളെയും ഡിവൈസുകളെയും ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ ഭീഷണി കണ്ടെത്തിയതായി ഖത്തര്‍ നാഷണല്‍ സൈബര്‍ സുരക്ഷാ ഏജന്‍സി(NCSA)യുടെ മുന്നറിയിപ്പ്. ഉപയോക്താക്കള്‍ ക്ലിക്ക് ഒന്നും ചെയ്യാതെ തന്നെ ഉപകരണത്തെ ബാധിക്കുന്നതാണ് ഈ അപകട ഭീഷണിയെന്നും ഗൂഗിള്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ആന്‍ഡ്രോയിഡ് 13, 14, 15, 16 പതിപ്പുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക.
|
ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് വഴി ഒരു അപകടകരമായ ഡാറ്റ പാക്കറ്റ് അയച്ചുകൊണ്ടാണ് ഹാക്കര്‍മാര്‍ ഫോണുകളിലോ മറ്റ് ആന്‍ഡ്രോയിഡ് ഉപകാരണങ്ങളിലോ നുഴഞ്ഞുകയറുന്നത്. അപകടസാധ്യത കുറയ്ക്കുന്നതിന്, എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കളും അതത് മൊബൈല്‍ കമ്പനികള്‍ നല്‍കുന്ന ഏറ്റവും പുതിയ സുരക്ഷാ അപ്ഡേറ്റുകള്‍ ലഭ്യമാക്കിയാലുടന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും സൈബര്‍ സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഗൂഗ്ള്‍ നല്‍കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍
– ഉപകരണങ്ങള്‍ 01-11-2025ലെ സുരക്ഷാ സെറ്റപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക.
– ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക: വേഗത്തിലുള്ള സുരക്ഷയ്ക്കായി സിസ്റ്റം, ഗൂഗിള്‍ പ്ലേ അപ്ഡേറ്റുകള്‍ ഓണാക്കുക.
– ആപ്പുകള്‍ സൈഡ്ലോഡ് ചെയ്യുന്നത് ഒഴിവാക്കുക: ഗൂഗിള്‍ പ്ലേ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യുക.
– Play Protect ഉപയോഗിക്കുക: ദോഷകരമായ ആപ്പുകള്‍ സ്വയം സ്‌കാന്‍ ചെയ്യുന്നതിന് അത് സജീവമായി നിലനിര്‍ത്തുക.
– സുരക്ഷിത നെറ്റ്വര്‍ക്കുകളില്‍ തുടരുക: സുരക്ഷിതമല്ലാത്ത വൈ-ഫൈ ഒഴിവാക്കുക, അസാധാരണമായ ഉപകരണങ്ങളുടെ സാന്നിധ്യത്തെ കുറിച്ച് ജാഗ്രത പാലിക്കുക.





