|
ഇസ്ലാമാബാദ്: കാനഡയിലേക്ക് പറക്കുന്ന പാക് ഇന്റര്നാഷണല് എയര്ലൈന്സിലെ (PIA) എയര്ഹോസ്റ്റസ് സുന്ദരിമാര്ക്കെന്ത് പറ്റുന്നു?… പാകിസ്താനിലെ സോഷ്യല്മീഡിയകളില് കുറച്ച് ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. ഫെബ്രുവരി 26ന് യാത്ര തിരിച്ച എയര് ഹോസ്റ്റസ് മറിയം റാസയെയാണ് ഏറ്റവും ഒടുവില് കാണാതായത്.
കാനഡയിലെ ടൊറന്റോയിലെ ഒരു ഹോട്ടല്മുറിയില് നിന്ന് കാണാതായത്. തൊട്ടടുത്ത ദിവസം കാനഡയില്നിന്ന് കറാച്ചിയിലേക്ക് തിരിച്ചുപറക്കേണ്ട വിമാനത്തിലെ ഡ്യൂട്ടിക്ക് മറിയം റാസയെ കാണാത്തതിനെ തുടര്ന്നുള്ള തിരച്ചിലില് ഞെട്ടിക്കുന്ന അനുഭവമാണ് അധികൃതര്ക്കുണ്ടായത്. ഇവര് താമസിച്ച ടൊറന്റോയിലെ ഹോട്ടലിലെത്തി മുറി പരിശോധിച്ചപ്പോള് തന്റെ യൂണിഫോം മുറിയില് അഴിച്ചുവെച്ച ശേഷം ഒരു കുറിപ്പും എഴുതി വെച്ചതല്ലാതെ മറ്റൊന്നും എയര്ലൈന്സ് അധികൃതര്ക്ക് കണ്ടെത്താനായില്ല. ‘നന്ദി പി.ഐ.എ’ എന്നായിരുന്നു കുറിപ്പിലെ വാചകം. എന്നാല് എയര് ഹോസ്റ്റസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കണ്ടെത്താനാകാതെ അധികൃതര് നിരാശരായി.
2024 ജനുവരിയില് പിഐഎ ഫ്ലൈറ്റ് അറ്റന്ഡന്റ് ഫൈസ മുഖ്താര് കാനഡയില് കാണാതായതിന് ഒരു മാസത്തിന് ശേഷമാണ് മറിയത്തിന്റെ തിരോധാനം. കാനഡയില് ഇറങ്ങി ഒരു ദിവസം കഴിഞ്ഞ് കറാച്ചിയിലേക്ക് മടങ്ങാന് തീരുമാനിച്ച ഫൈസ മുഖ്താര് പിന്നീട് അപ്രത്യക്ഷനായി’- PIA വക്താവ് അബ്ദുല്ല ഹഫീസ് ഖാന് പറഞ്ഞു.
കുറച്ചായി PIA ഈയൊരു പ്രശ്നം അഭിമുഖീകരിക്കുന്നതായാണ് റിപോര്ട്ടുകള്. പാകിസ്താനില്നിന്ന് കാനഡയിലേക്ക് പറക്കുന്ന എയര് ഹോസ്റ്റസുമാര് തിരികെ രാജ്യത്തേക്ക് മടങ്ങാന് താല്പര്യം കാണിക്കുന്നില്ലെന്നാണ് പറയുന്നത്. രണ്ടുമാസത്തിനിടെ കാണാതാകുന്ന മൂന്നാമത്തെ സംഭവമാണിത്. ഇത് 2019മുതലെ ഉണ്ടെന്നാണ് റിപോര്ട്ടുകള്. അടുത്തിടെ ഇവ്വിധം കാണാതാകുന്നവരുടെ എണ്ണം ഉയര്ന്നതായി ഏവിയേഷന് ന്യൂസ് വെബ്സൈറ്റ് സിമ്പിള് ഫ്ളൈയിംഗ് റിപോര്ട്ടിലുണ്ട്.
കഴിഞ്ഞ വര്ഷം മാത്രം ഇത്തരത്തില് ഏഴ് പേരെയാണ് കാണാതായത്. എന്നാല്, കാണാതാകുന്ന പലരേയും പിന്നീട് കണ്ടെത്തിയാലും അവരില് ഭൂരിഭാഗവും ജന്മനാട്ടിലേക്ക് മടങ്ങാന് താല്പ്പര്യം കാണിക്കുന്നില്ലെന്നാണ് അനുഭവസ്ഥര് പറയുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മറ്റു അരക്ഷിതാവസ്ഥകളുമാണ് ഇതിന് കാരണമെന്നുമാണ് റിപോര്ട്ടുകള്.
Another PIA flight steward goes ‘missing’ in Canada


