16
Nov 2023
Tue
16 Nov 2023 Tue

അശോകന്‍ ചേട്ടനെ ഇനി അനുകരിക്കില്ല: മിമിക്രി താരം അസീസ് നെടുമങ്ങാട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: നടന്‍ അശോകനെ ഇനി വേദികളില്‍ അനുകരിക്കില്ലെന്ന് വ്യക്തമാക്കി നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. മിമിക്രി വേദികളില്‍ അസീസ് തന്നെ അനുകരിക്കുന്നത് മോശമായാണെന്ന് അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് അസീസ് ഇക്കാര്യം അറിയിച്ചത്. ‘പഴഞ്ചന്‍ പ്രണയം’ എന്ന സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അസീസ്.

അസീസിന്റെ വാക്കുകള്‍:
”അശോകേട്ടന്റെ ആ ഇന്റര്‍വ്യു കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വിഡിയോ അയച്ച് തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി. അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയന്‍സ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച് ഓവര്‍ ആയി ചെയ്യണം. ടിവിയില്‍ പക്ഷേ ഇത്രയും വേണ്ട. സിനിമയില്‍ ഒട്ടും വേണ്ട.

എന്റെ സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ ഇഷ്ടമാണെന്ന് അശോകന്‍ ചേട്ടന്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്. ഇതെന്തുപറ്റിയെന്ന് അറിയില്ല. ഒരു മനുഷ്യനെ കളിയാക്കുന്നത്, അയാള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ അത് അപ്പോള്‍ നിര്‍ത്തണം. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഇനി മുതല്‍ അശോകന്‍ ചേട്ടനെ ഒരിടത്തും അനുകരിക്കില്ലെന്ന്. ഇനി എല്ലാവരും ഇതുപോലെ പ്രതികരിച്ചു തുടങ്ങിയാല്‍ അനുകരണം നിര്‍ത്തും. വേറെയും മിമിക്രികളുണ്ടല്ലോ. ഇപ്പോള്‍ തന്നെ ഫിഗര്‍ ഷോ എന്നത് ഔട്ട് ആയിക്കൊണ്ടിരിക്കുകയാണ്. നല്ല സ്‌കിറ്റുകള്‍ തുടരും. ഞങ്ങള്‍ മിമിക്രിക്കാരാണ്.”അസീസ് നെടുമങ്ങാട് കൂട്ടിച്ചേര്‍ത്തു.