കൊച്ചി: ബാര്‍ക് റേറ്റിങില്‍ തട്ടിപ്പ് നടത്തിയതായി ആരോപിക്കുന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനെതിരെ കേസ്. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥും കേസില്‍ പ്രതിയാണ്. 24 ചാനലിലെ ഉണ്ണികൃഷ്ണനാണ് പരാതിക്കാരന്‍.
|
നേരത്തെ ബാര്‍കിലെ അശാസ്ത്രീയതയും തട്ടിപ്പും ചൂണ്ടിക്കാണിച്ച് മീഡിയവണ്‍ ബാര്‍ക്കില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെ നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ആരംഭിക്കുകയും അതിനായി സൈബര്‍ പൊലീസിനെ ചുമതലപ്പെടുത്തകയും ചെയ്തു.
BNS 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് കളമശേരി പൊലീസ് കേസെടുത്തത്. ഒന്നാം പ്രതിയായ ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്ക് ബാര്‍ക് മീറ്റര്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തുവെന്നാണ് ആരോപണം. 2025 ജൂലൈ മുതല്‍ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുടെ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചും പരസ്യ കമ്പനികളില്‍ നിന്നുള്ള പരസ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയെന്നും ഇത് മൂലം പരാതിക്കാരന്റെ ചാനലിന് 15 കോടിയുടെ നഷ്ടമുണ്ടായതുമായാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്നും എഫ്ഐആറില്‍ പറയുന്നു.
നേരത്തെ 24 ന്യൂസ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായര്‍ ബാര്‍ക് റേറ്റിംഗില്‍ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്‌റ്റോ കറന്‍സി വഴി വലിയ തോതില്‍ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചിരുന്നു.





