ദശകങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന കുടുംബത്തിലെ 14 പേരെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാരോപിച്ച് അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) ബംഗ്ലാദേശിലേക്ക് നാടുകടത്തി. 90 വയസ്സുള്ള വൃദ്ധയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയാണ് പൗരത്വരേഖകള്‍ കാണിച്ചിട്ടും ബലംപ്രയോഗിച്ച് അതിര്‍ത്തിയില്‍ തള്ളിയത്.
|
ഒഡിഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയില്‍ ഏഴ് പതിറ്റാണ്ടായി താമസിച്ചുവരികയായിരുന്നു ഈ കുടുംബത്തെ ബംഗാളി സംസാരിക്കുന്നു എന്ന കാരണത്താല്‍ രണ്ടുമാസം മുന്‍പാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. വോട്ടര്‍ ഐ.ഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയ പൗരത്വ രേഖകള്‍ ഹാജരാക്കിയിട്ടും പൊലിസ് ഇവരുടെ വീടുകള്‍ തകര്‍ക്കുകയും കരുതല്‍ തടങ്കലിലാക്കുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിച്ചു.
ഡിസംബര്‍ 26നാണ് 14 അംഗ കുടുംബത്തെ ബി.എസ്.എഫ് ബംഗ്ലാദേശിലേക്ക് കടത്തിവിട്ടത്. എന്നാല്‍ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന (ബി.ജി.ബി) ഇവരെ തടയുകയും തിരികെ ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്തരത്തില്‍ നാലുതവണ ഈ കുടുംബത്തെ ഇരു രാജ്യങ്ങളും ‘തട്ടിക്കളിച്ചു’ എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് തിരികെ വരാന്‍ ശ്രമിച്ചാല്‍ വെടിവയ്ക്കുമെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.
ALSO READ: തന്ത്രി കണ്ഠരര് രാജീവരര് തിരുവനന്തപുരം സബ് ജയിലില്‍; ആദ്യ കേസിലും പ്രതിയാക്കും
കുടുംബത്തിലെ ഒന്‍പത് പേര് നിലവില്‍ ബംഗ്ലാദേശില്‍ ഒളിവില്‍ കഴിയുകയാണെന്നും ബാക്കി അഞ്ചുപേരെക്കുറിച്ച് വിവരമില്ലെന്നും ബന്ധുവായ സെയ്ഫുല്‍ അലി ഖാന് പറഞ്ഞു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ഇവരുടെ കുടുംബത്തിന്റെ വേരുകളെന്ന് വ്യക്തമാക്കുന്ന പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുന്നുണ്ടെന്ന് ഒഡീഷ പൊലിസ് സ്ഥിരീകരിച്ചെങ്കിലും, ഈ പ്രത്യേക സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. സമാനമായ രീതിയില്‍ ഡല്‍ഹിയില്‍ നിന്ന് നാടുകടത്തപ്പെട്ട സുനാലി ഖാത്തൂണ്‍ എന്ന ഗര്‍ഭിണിയെയും മകനെയും സുപ്രിംകോടതി ഇടപെട്ട് കഴിഞ്ഞമാസം തിരികെ എത്തിച്ചിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യംവച്ച് വംശീയ ആക്രമണങ്ങള്‍ കൂടിവരികയാണ്. ഒഡിഷയില്‍ ബി.ജെ.പി അധികാരത്തിലേറിയതിന് പിന്നാലെ ഇത് ശക്തമായിട്ടുണ്ട്. മിക്ക അതിര്‍ത്തി സംസ്ഥാനങ്ങളിലും സമാന നീക്കങ്ങള്‍ നടക്കുന്നുണ്ട്.





