22
Mar 2023
Thu
22 Mar 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ഈ മാസം 31ന് തുടങ്ങുന്ന ഐ.പി.എല്ലിന്റെ പതിയ സീസണിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇംപാക്ട് പ്ലെയറിന് പിന്നാലെ ടോസിംഗുമായി ബന്ധപ്പെട്ട പുതിയ നിയമമാണ് വരുന്നത്.

ഇനി മുതൽ ടോസിന് ശേഷം മാത്രമെ ടീമുകൾക്ക് അവരുടെ പ്ലേയിംഗ് ഇലവനെ വെളിപ്പെടുത്താൻ സാധിക്കുകയുള്ളൂ. രണ്ട് ടീം ഷീറ്റ് തയ്യാറാക്കുന്നതിൽ അവയിൽ ഏത് ടീമിനെ കളത്തിലിറക്കണമെന്ന് ടോസിന് ശേഷം തീരുമാനിക്കാനുള്ള അവസരമാണ് ഇതോടെ ക്യാപ്റ്റൻമാർക്ക് ലഭിക്കുക. ആദ്യം ബൌളിംഗാണോ ബാറ്റിംഗാണോ എന്ന് അറിഞ്ഞ ശേഷം അതിന് അനുയോജ്യമായ ടീമിനെ ഇറക്കാൻ കഴിയുമെന്നതാണ് സവിശേഷത. ഇംപാക്ട് പ്ലെയറിന് അനുയോജ്യമായ പദ്ധതികളും ഇതോടെ തയ്യാറാക്കാൻ കഴിയും.

നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീടുള്ള ഓരോ പന്തിനും 30 വാര സർക്കിളിന് പുറത്ത് നാല് ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ. വിക്കറ്റ് കീപ്പർ അന്യായമായി ചലിച്ചാൽ പന്ത് ഡെഡ് ബോളായി വിധിക്കപ്പെടുകയും എതിർ ടീമിന് 5 പെനാൽറ്റി റൺസ് അനുവദിക്കപ്പെടുകയും ചെയ്യും. സമാനമായി ഫീൽഡർ അന്യായമായി ചലിച്ചാലും പന്ത് ഡെഡ് ബോളാവുകയും അഞ്ച് റൺസ് പിഴ ഈടാക്കുകയും ചെയ്യും.

ഐപിഎൽ ഭരണ സമിതി പുതിയ നിയമവുമായി ബന്ധപ്പെട്ട വിവരം 10 ഫ്രാഞ്ചൈസികൾക്കും കൈമാറി കഴിഞ്ഞതായി ഇഎസ്പിൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിന് മുമ്പ് തന്നെ ഇതേ നിയമം സൗത്താഫ്രിക്കൻ ടി20 ലീഗിൽ അവതരിപ്പിച്ചിരുന്നു. 13 അംഗ ടീം ലിസ്റ്റുമായി ടോസിന് എത്തുന്ന നായകൻമാർ ടോസിന് ശേഷം അന്തിമ ടീം പ്രഖ്യാപിക്കുകയാണ് ചെയ്യുക.

ഐ.പി.എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക.