തിരുവനന്തപുരം പാങ്ങോടും പത്തനം തിട്ടയിലെ കോട്ടാങ്ങലിലും എസ്ഡിപിഐ പിന്തുണ നിരസിച്ച് കോണ്‍ഗ്രസ്. അതേ സമയം, തൃശൂരിലെ മറ്റത്തൂരിലും കോട്ടയത്തെ കുമരകത്തും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ കൈകോര്‍ത്തു.
|
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച യുഡിഎഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. എസ്ഡിപിഐയുടെ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. യുഡിഎഫിലെ ശ്രീദേവിയാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുന്നുവെന്നും ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന് ശ്രീദേവി പറഞ്ഞു. എന്നാല്‍ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് ഇതിനെ കാണുന്നതെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറയുന്നത്. ബിജെപിയെ അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പിന്തുണ നല്‍കിയതെന്നും ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ തങ്ങളുടെ വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്നും അവര്‍ പറഞ്ഞു.
യുഡിഎഫിനും ബിജെപിക്കും അഞ്ചുവീതം അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എസ്ഡിപിഐക്ക് മൂന്നും എല്‍ഡിഎഫിന് ഒരു പ്രതിനിധിയുമാണുള്ളത്. കഴിഞ്ഞതവണ എസ്ഡിപിഐ പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്താണ് കോട്ടാങ്ങല്‍.
ALSO READ: കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജിനെതിരേ യൂത്ത് ലീഗ്
ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കും. എട്ടാം വാര്‍ഡ് അംഗം അനസ് മുഹമ്മദാണ് മത്സരിക്കുക.
പഞ്ചായത്തില്‍ സുസ്ഥിരമായ ഒരു ഭരണ സംവിധാനം ഉറപ്പുവരുത്തുക എന്ന ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാനും ബിജെപിയെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്ന രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ചുമാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ യുഡിഎഫ് നിഷേധാത്മക സമീപനം സ്വീകരിച്ച സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു.
മുന്‍പ് ഇടതുപക്ഷവും ഇതേ രീതിയില്‍ എസ്ഡിപിഐ പിന്തുണയോടെ ഈ പഞ്ചായത്തില്‍ ഭരണം നടത്തിയിട്ടുണ്ട്. മുന്നണികള്‍ നിലപാടില്‍ ഉറച്ചുനിന്നാല്‍ പഞ്ചായത്ത് ഭരണം വീണ്ടും അനിശ്ചിതത്വത്തിലാകാനാണ് സാധ്യത.
തിരുനന്തപുരം പാങ്ങോട് പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലെത്തി. എസ്ഡിപിഐയുടെയും ബിജെപിയുടെയും പിന്തുണ വേണ്ടെന്ന നിലപാടിലായിരുന്നു ഇരുപാര്‍ട്ടികളും. എന്നാല്‍ എസ്ഡിപിഐ യുഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ യുഡിഎഫിന്റെ എസ്. ഗീത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ പ്രദേശിക നേതാക്കള്‍ രണ്ട് തട്ടിലാണ്. ഒരു വിഭാഗം എസ്ഡിപിഐയുടെ പിന്തുണ വേണമെന്നും ഒരു വിഭാഗം പിന്തുണ വേണ്ടെന്നുമുള്ള നിലപാടിലാണ്. ഇവിടെയും കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാജിവയ്ക്കുമെന്നാണ് അറിയുന്നത്.
ബിജെപി, സിപിഐഎം, എസ്ഡിപിഐ പാര്‍ട്ടികളുമായി യാതൊരു ബന്ധവും പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അവരുടെ ആരുടെയെങ്കിലും പിന്തുണയോടെ ജയിച്ചവര്‍ അപ്പോള്‍ത്തന്നെ രാജിവെക്കണമെന്നും മുന്നണിക്ക് പുറത്തുള്ള കൂട്ടുകെട്ട് ഒരു കാരണവശാലും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃശൂരിലും കോട്ടയത്തും കോണ്‍ഗ്രസ്-ബിജെപി സഖ്യം
കോട്ടയത്ത് കുമരകം ഗ്രാമപഞ്ചായത്തില്‍ നാടകീയ നീക്കം. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ ഭരണം നേടാനാകുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷ തകര്‍ത്ത് കോണ്‍ഗ്രസ്സ് -ബിജെപി അംഗങ്ങള്‍ കൈകോര്‍ത്തു. സ്വതന്ത്ര അംഗത്തിന് യുഡിഎഫ്, ബിജെപി അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെ നറുക്കെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച പി.എ ഗോപി പ്രസിഡന്റായി.
യുഡിഎഫിന്റെ നാല് അംഗങ്ങളും, ബി ജെ പി യുടെ മൂന്ന് അംഗങ്ങളും ഏക സ്വതന്ത്രാംഗത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രസിഡന്റ് സ്ഥാനം ഗോപിക്ക് കൈവന്ന ട്വിസ്റ്റ് ഉണ്ടായത്. മുമ്പ് സിപിഎം പ്രവര്‍ത്തകനായിരുന്ന ഗോപി 2005 -ല്‍ പഞ്ചായത്തില്‍ മത്സരിച്ച് വിജയിച്ചു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2010ല്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി നില്‍ക്കുകയായിരുന്നു.
തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലും നാടകീയ നീക്കങ്ങള്‍. ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടി. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.
ഡിഡിസി ജനറല്‍ സെക്രട്ടറി ടിഎം ചന്ദ്രനും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പനും ബിജെപിയില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയാണ് ഈ നാടകത്തിന് കൂട്ടുനിന്നതെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മറ്റത്തൂരില്‍ നടന്നത് ബിജെപി കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് സിപിഐഎം ആരോപിച്ചു. കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കളും ബിജെപി സംസ്ഥാന നേതാവും തെരഞ്ഞെടുപ്പ് ദിവസം പഞ്ചായത്തില്‍ ക്യാമ്പ് ചെയ്തു. ഇരു പാര്‍ട്ടികളും തമ്മില്‍ ഗൂഢാലോചന നടത്തിയാണ് ജനാധിപത്യം അട്ടിമറിച്ചതെന്നും സിപിഐഎം കൂട്ടിച്ചേര്‍ത്തു.





