ഭോപാൽ: പ്രണയത്തിൽ നിന്ന് പിന്മാറാൻ ബിജെപി എംപി പ്രജ്ഞാസിങ് താക്കൂർ വിവാദ സിനിമ ‘ദി കേരള സ്റ്റോറി’ സിനിമ കാണിച്ച പെൺകുട്ടി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. നഴ്സിങ് വിദ്യാര്‍ഥിനിയായ 19കാരിയാണ് അയല്‍വാസിയായ യൂസഫിനൊപ്പം ഒളിച്ചോടിയത്.
|
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രജ്ഞാസിങ് പെണ്‍കുട്ടിയെര്‍ ‘ദി കേരള സ്റ്റോറി’ സിനിമ കാണിക്കുകയും ചെയ്തു. സിനിമ കണ്ടാൽ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറുമെന്നായിരുന്നു മാതാപിതാക്കളുടെയും പ്രജ്ഞാസിങ് താക്കൂറിന്റെയും കണക്കുകൂട്ടൽ.
എന്നാല്‍, മേയ് 30ന് വീട്ടുകാര്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹത്തിന് മുമ്പ് പെൺകുട്ടി യൂസഫിനൊപ്പം ഒളിച്ചോടുകയായിരുന്നു. വിവാഹത്തിനായി സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും പെണ്‍കുട്ടി കൊണ്ടുപോയതായി മാതാപിതാക്കൾ ഭോപ്പാലിലെ കമല നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു.
യൂസഫ് തങ്ങളുടെ മകളെ വശീകരിച്ചെന്നും അവളുടെ പേരിൽ ബാങ്ക് വായ്പയെടുക്കുകയും അത് തിരിച്ചടക്കാൻ അവളെ നിർബന്ധിക്കുകയും ചെയ്തിരുന്നെന്നും പരാതിയിൽ ആരോപിച്ചു. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നും യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.





