ചെന്നൈ: നടന് വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ ഒപ്പം കൂട്ടാന്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായി ബിജെപി. സഖ്യം അധികാരത്തില്‍ വരികയാണെങ്കില്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്നാണ് ബിജെപി വാഗ്ദാനം. ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകള്‍ നല്‍കാനും ബിജെപി തയ്യാറായതായാണ് സൂചന. എന്നാല്‍, മുഖ്യമന്ത്രി പദം തന്നെ വേണമെന്ന് വിജയ് നിലപാട് സ്വീകരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ട്.
|
വിജയ്യെ എന്‍ഡിഎ പാളയത്തില്‍ എത്തിക്കാന്‍ ബിജെപി വലിയ തോതിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ തന്നെ ഇതിനായി മധ്യസ്ഥനായി നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം.
തമിഴ്നാട്ടിലുടനീളം വിജയ്ക്കുള്ള വന്‍ സ്വാധീനവും ആരാധക പിന്തുണയും വോട്ടായി മാറുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ചെറിയ വോട്ട് വിഹിതം പോലും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാറുള്ളതിനാല്‍, വിജയ്യുടെ പിന്തുണ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുമെന്ന് ബിജെപി കരുതുന്നു.
അതേസമയം, ബിജെപിയുമായുള്ള സഖ്യ ചര്‍ച്ചാ വാര്‍ത്തകള്‍ വിജയ്യുടെ ഉപദേശകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഒരു പുതിയ ബദല്‍ വാഗ്ദാനം ചെയ്ത് രംഗപ്രവേശം ചെയ്ത വിജയ്യുടെ പ്രതിച്ഛായയെ ഇത്തരമൊരു സഖ്യം ബാധിക്കുമോ എന്നാണ് ഇവരുടെ പേടി.
സ്വതന്ത്രമായ നിലപാടുകളുമായി രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന ടിവികെ, ഒരു ദേശീയ പാര്‍ട്ടിയുമായി എടുത്തു ചാടി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ദോഷകരമായി ബാധിക്കുമെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഭയപ്പെടുന്നു.
ടിവികെ പ്രതികരണം
എന്‍ഡിഎ) സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തമിഴക വെട്രി കഴകം (ടിവികെ) തള്ളിയിട്ടുണ്ട്. എന്‍ഡിഎയുമായി സഖ്യത്തിന് സാധ്യതയില്ല. ബിജെപിയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്ര ശത്രുവെന്ന് ഞങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിവികെയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറി സിടിആര്‍ നിര്‍മ്മല്‍ കുമാര്‍ പിടിഐയോട് പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ കിംവദന്തികള്‍ വിശ്വസിക്കരുതെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കണമെന്നും കുമാര്‍ അഭ്യര്‍ത്ഥിച്ചു.





