പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവായി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ആത്മഹത്യ ചെയ്തതായി കരുതുന്ന പതിനാറുകാരി പിന്തുടര്‍ന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇന്‍സ്റ്റാഗ്രാം പേജിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്.
|
പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ പ്രാഥമിക ഫോറന്‍സിക് പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടി സ്‌കൂളിലേക്ക് ഫോണ്‍ കൊണ്ടുവരാറുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഫോണില്‍ നിന്ന് എട്ട് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്തതായി കണ്ടെത്തി. ഈ അക്കൗണ്ടുകള്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടേതു മാത്രമല്ല, ചില സഹപാഠികളുടേതുമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
എല്ലാ അക്കൗണ്ടുകളും പിന്തുടര്‍ന്നിരുന്നത് ‘ബ്ലാക്ക് വെനം’ എന്ന ഇന്‍സ്റ്റാഗ്രാം പേജിനെയാണ്. നിരവധി കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്ന ഈ പേജ് മുപ്പതിലധികം ആളുകള്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിനു പിന്നാലെ ഈ പേജിനെ പിന്തുടര്‍ന്നിരുന്നവര്‍ ഒരേസമയം അണ്‍ഫോളോ ചെയ്തതാണ് പൊലീസിന് സംശയം ഉയര്‍ത്തിയത്.
‘ബ്ലാക്ക് വെനം’ അക്കൗണ്ടിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ കൊറിയന്‍ വ്യക്തിയാണോ, അല്ലെങ്കില്‍ കൊറിയന്‍ ചിത്രങ്ങള്‍ ഉപയോഗിച്ച വ്യാജ അക്കൗണ്ടാണോ എന്നതിലാണ് ഇപ്പോള്‍ അന്വേഷണം. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മാനസികമായി തകര്‍ന്നാണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നത്.
അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മൊബൈല്‍ ഫോണിന്റെ വിശദമായ ഫോറന്‍സിക് പരിശോധനയും സൈബര്‍ വിഭാഗത്തിന്റെ സഹായവും ഉള്‍പ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.



