17
Dec 2025
Thu
17 Dec 2025 Thu
CM directs to take action against SHO who beats pregnant woman in police station

പോലീസ് മര്‍ദ്ദനം കാമറയില്‍ പകര്‍ത്തിയതിന് കസ്റ്റഡിയിലെടുത്തയാളുടെ ഭാര്യയായ ഗര്‍ഭിണിയെ മര്‍ദ്ദിച്ച എസ്എച്ചഒയ്‌ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ 2024ലാണ് സംഭവം. മര്‍ദ്ദനത്തിനിരയായ യുവതി നിയമപോരാട്ടത്തിലൂടെ പോലീസ് സ്‌റ്റേഷനിലെ ദൃശ്യം കരസ്ഥമാക്കിയതോടെയാണ് പോലീസ് ക്രൂരത പുറത്തറിയുന്നത്. സംഭവത്തില്‍ കര്‍ശന നടപടി എടുക്കണമെന്നും കേസിന്റെ പുരോഗതി അറിയിക്കണമെന്നും മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നോര്‍ത്ത് എസ്എച്ച്ഒ ആയിരുന്ന പ്രതാപ ചന്ദ്രനാണ് ഷൈമോള്‍ എന്‍ ജെ എന്ന സ്ത്രീയെ മുഖത്തടിച്ചത്. ഇയാള്‍ ഷൈമോളെ നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് ലഭിച്ചത്. പോലീസ് പൊതുസ്ഥലത്ത് വെച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവതിയുടെ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയിരുന്നു. മഫ്തിയിലെത്തിയ പൊലീസ് ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്യക്തിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇതിനു പിന്നാലെ ഷൈമോള്‍ സ്റ്റേഷനിലെത്തുകയായിരുന്നു. ഭര്‍ത്താവിനെ അനാവശ്യമായി കസ്റ്റഡിയിലെടുത്തത് ചോദ്യംചെയ്ത യുവതിയെ എസ്.ഐ പ്രതാപചന്ദ്രന്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വനിത പോലീസുകാര്‍ ഉള്‍പ്പെടെ സമീപത്തുണ്ടായിരുന്നു. നിലവില്‍ അരൂര്‍ സ്റ്റേഷനിലാണ് പ്രതാപ ചന്ദ്രന്‍ ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് പോലീസ് സ്‌റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു

ALSO READ: കെജിഎഫ് സഹ സംവിധായകന്റെ നാലരവയസ്സുകാരനായ മകന്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു