കോട്ടയം അതിരമ്പുഴയില്‍ മലഞ്ചരക്ക് വ്യാപാരിയായ വയോധികനെ കബളിപ്പിച്ച് രണ്ടരപ്പവന്റെ സ്വര്‍ണമാലയുമായി കടന്ന കോളജ് വിദ്യാര്‍ഥി പിടിയില്‍. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ജീവന്‍ വില്ലയില്‍ ജിന്‍സ് തോമസാണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ ടെക്‌നിക്കല്‍ കോഴ്‌സ് പഠിക്കുന്ന ജിന്‍സ് ആഡംബര ജീവിതം നടത്താനാണ് മാല കവര്‍ന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ ആറു മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
|
വെള്ളിയാഴ്ചയാണ് ജിന്‍സ് അതിരമ്പുഴ പള്ളിക്കവലയിലെ വ്യാപാരി അപ്പച്ചന്റെ(80)സ്വര്‍ണമാല കവര്‍ന്നത്. ബൈക്കില്‍ കടയിലെത്തിയ ജിന്‍സ് അപ്പച്ചനുമായി സംസാരിക്കുകയും യുകെയിലുള്ള മക്കളെ അറിയാമെന്ന് നുണ പറയുകയും ചെയ്തു. ഇതിനിടെ ഏതാനും സാധനങ്ങള്‍ക്ക് ജിന്‍സ് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഇത് എടുക്കുന്നതിനിടെ ജിന്‍സ് അപ്പച്ചന്റെ കഴുത്തില്‍ കിടന്ന മാലയുടെ ഡിസൈന്‍ നല്ലതാണെന്ന് പറയുകയും തന്റെ മാലയുടെ ഡിസൈന്‍ കാണിക്കുന്നതിനായി അത് മേശപ്പുറത്ത് ഊരിവയ്ക്കുകയും ചെയ്തു.
തന്റെ അമ്മയ്ക്ക് അപ്പച്ചന്റെ മാലയുടെ മോഡലില്‍ ഒന്നുവാങ്ങണമെന്നും അതിനായി ഒരു ഫോട്ടോ എടുക്കാനായി ഊരി കാണിക്കാമോയെന്നും ജിന്‍സ് ചോദിച്ചതോടെ അപ്പച്ചന്‍ ഇതിനു തയ്യാറായി.ഇതോടെ താന്‍ വാങ്ങിയ സാധനങ്ങള്‍ രണ്ടു കവറുകളിലാക്കി നല്‍കാന്‍ ജിന്‍സ് ആവശ്യപ്പെട്ടു. ഇതിനായി അപ്പച്ചന്‍ തിരിഞ്ഞ സമയത്ത് അദ്ദേഹം മേശപ്പുറത്ത് ഊരിവച്ച മാലയുമായി ജിന്‍സ് ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു. അപ്പച്ചന്‍ ഓടിയിറങ്ങി വന്നെങ്കിലും ജിന്‍സിനെ പിടികൂടാനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ ജിന്‍സ് വന്ന വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഇയാളുടെ ബന്ധുവിന്റെ ബൈക്കായിരുന്നു ഇത്. ജിന്‍സാണ് വാഹനം കൊണ്ടുപോയതെന്നറിഞ്ഞതോടെ ഹരിപ്പാടെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ALSO READ: ബസ് ഇടിച്ചുകയറുന്നതിനു മുമ്പ് ബൈക്ക് മറിഞ്ഞ് റൈഡര്‍ മരിച്ചു; തീഗോളം കണ്ട് രണ്ടാമന്‍ ഓടി രക്ഷപെട്ടു





