20
Oct 2025
Sun
20 Oct 2025 Sun
more details came out about kurnool bus accident

കുര്‍ണൂലില്‍ 19 പേര്‍ വെന്തുമരിക്കാനിടയായ ബസ് അപകടത്തിനു കാരണമായ ബൈക്ക് അപകടത്തിനു തൊട്ടുമുമ്പ് റോഡില്‍ മറിഞ്ഞതായും ബൈക്ക് റൈഡര്‍ തല ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞതായും ആന്ധ്രാപ്രദേശ് പോലീസ്. ബസ് ബൈക്കിനു മുകളില്‍ കയറിയതിനു പിന്നാലെയുണ്ടായ തീപിടിത്തം കണ്ടതോടെ ബൈക്ക് യാത്രികനായ രണ്ടാമന്‍ ഓടി രക്ഷപെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവ ശങ്കര്‍, എറി സ്വാമി എന്നിവരാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നതെന്ന് കുര്‍ണൂല്‍ റേഞ്ച് ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കോയ പ്രവീണ്‍ പറഞ്ഞു. ബൈക്ക് ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പില്‍ കയറിയ ശേഷം നിയന്ത്രണമില്ലാതെ ഓടിച്ചുപോവുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. ലക്ഷ്മിപുരം ഗ്രാമത്തില്‍ നിന്ന് ഒക്ടോബര്‍ 24ന് പുലര്‍ച്ചെയാണ് ഇരുവരും യാത്ര തുടങ്ങിയത്. സ്വാമിയെ കുര്‍ണൂല്‍ ജില്ലയിലെ തുഗ്ഗളി ഗ്രാമത്തില്‍ കൊണ്ടുവിടുകയായിരുന്നു ശിവശങ്കറിന്റെ ലക്ഷ്യം. 2.24നാണ് ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറിയത്.

ഇവിടെ നിന്ന് പുറപ്പെട്ടതിനു പിന്നാലെ വാഹനം തെന്നിമറിയുകയും ശിവശങ്കര്‍ ഡിവൈഡറില്‍ തലയടിച്ചു വീഴുകയുമായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ശിവശങ്കര്‍ മരിച്ചതായി തിരിച്ചറിഞ്ഞ സ്വാമി ബൈക്ക് റോഡില്‍ നിന്ന് അരികിലേക്ക് മാറ്റിയിടാന്‍ ആലോചിക്കുമ്പോഴേക്കും ഈ സമയമെത്തിയ ബസ് ഇതിനു മുകളിലൂടെ കയറുകയായിരുന്നു. ഇതിനു പിന്നാലെ ബൈക്കിന്റെ ടാങ്ക് പൊട്ടുകയും ബസ്സിനു തീപിടിക്കുകയും ചെയ്തു. ബസ്സിലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററിയും കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെ വാഹനം ചാമ്പലായി. 44 യാത്രികരാണ് ബസ്സിലുണ്ടായിരുന്നത്. ഇവരില്‍ 25 പേര്‍ക്ക് രക്ഷപെടാനായി. ബാക്കിയുള്ളവര്‍ തീയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

അപകട കാരണത്തെക്കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വാമിയും ശിവശങ്കറും നടത്തിയ ബൈക്ക് യാത്രയുടെ വിശദാംശങ്ങള്‍ ലഭിച്ചത്. തുഗ്ഗളി ഗ്രാമത്തില്‍ നിന്ന് സ്വാമിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ALSO READ: ഭാര്യ വഴക്കിട്ട് ഇറങ്ങിപ്പോയതിനു പിന്നാലെ ഇരട്ടമക്കളെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്