തൃശൂര്‍ മറ്റത്തൂരില്‍ ബിജെപി പിന്തുണയില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ നേടിയ കോണ്‍ഗ്രസ് വിമതരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നീക്കം. വിമതയായി മല്‍സരിച്ച ടെസി മാത്യുവിനെയാണ് ഇവിടെ പ്രസിഡന്റാക്കിയത്. ഈ പദവി രാജിവയ്ക്കില്ലെന്ന് വിമത പക്ഷം അനുരഞ്ജന ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. വൈസ് പ്രസിഡന്റായ നൂര്‍ജഹാന്‍ നവാസ് പദവി രാജിവച്ച് പ്രശ്‌നം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
|
ബിജെപിയുമായി ചേര്‍ന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ തെറ്റ് ഏറ്റുപറയും. ഇവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. മറ്റത്തൂരില്‍ ഡിസിസി നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന വിമതരുടെ ആവശ്യവും നേതൃത്വം അംഗീകരിച്ചു. റോജി എം ജോണ്‍ എംഎല്‍എയാണ് കെപിസിസി പ്രതിനിധിയായി വിമതനേതാക്കളുമായി ചര്‍ച്ച നടത്തിയത്.
മറ്റത്തൂരിലെ വിമതനീക്കം കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. എസ്ഡിപിഐ പിന്തുണയില്‍ വിജയിച്ചവരെ രാജിവയ്പിച്ച കോണ്‍ഗ്രസ് പക്ഷേ മറ്റത്തൂരിലെ ബിജെപി പിന്തുണയെ അവഗണിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വി ഡി സതീശന്‍ അടക്കമുള്ളവര്‍ ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണങ്ങളാണ് നടത്തിയിരുന്നത്. കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചായിരുന്നു മറ്റത്തൂരിലെ പഞ്ചായത്ത് അംഗങ്ങള്‍ ഇവിടെ ബിജെപി പിന്തുണയില്‍ ഭരണം ഉറപ്പിച്ചത്. ഇത് വിവാദമായതോടെ എട്ട് പഞ്ചായത്ത് അംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നേതൃത്വം പ്രസ്താവന ഇറക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കെപിസിസി നേതൃത്വം ഇടപെട്ട് മറ്റത്തൂരില്‍ സമവായമുണ്ടായത്.





