11
Dec 2025
Sat
11 Dec 2025 Sat
connect to work

കേരളത്തിലെ യുവതീ-യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemployment.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങള്‍/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങള്‍/ രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍/ ‘ഡീംഡ്’ സര്‍വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വേ, മറ്റ് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ റിക്രൂട്ടിമെന്റ് ഏജന്‍സികളോ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് മത്സര പരിക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍.

ALSO READ: ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി ‘ധുരന്ധര്‍’; 650 കോടി ലക്ഷ്യമിട്ട് രണ്‍വീര്‍ സിംഗ് ചിത്രം; പുഷ്പയെ വെട്ടുമോ?

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണന ക്രമത്തിലാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്. നൈപുണ്യപരിശിലനം, മത്സര പരീക്ഷാ പരിശിലനം എന്നിങ്ങനെ ഏത് വിഭാഗത്തിലായാലും ഒരു വ്യക്തിക്ക് ഒരു തവണ പരമാവധി ആകെ 12 (പന്ത്രണ്ട്) മാസത്തേക്ക് മാത്രമേ ഈ സ്ലോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ.

വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിവിധ തരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കുടുംബ പെന്‍ഷന്‍, ഇ.പി.എഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ തുടങ്ങി വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

കൂടാതെ നൈപുണ്യ വികസന പരിശീലന കോഴ്‌സ്/ മല്‍സര പരീക്ഷാ പരിശീലനങ്ങള്‍ക്കല്ലാതെ മറ്റ് കോഴ്‌സുകളായ JEE, NEET, SET, NET തുടങ്ങിയ പ്രവേശന/ എലിജിബിലിറ്റി ടെസ്റ്റുകള്‍ക്ക് പരിശീലിക്കുന്നവര്‍ക്കും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സര്‍വകലാശാലകളിലോ സ്ഥിരമായോ, കരാര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ജനനസര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, വോട്ടര്‍ ഐ.ഡി/ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ പാസ്പോര്‍ട്ട്/ ഡ്രൈവിംഗ് ലൈസന്‍സ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ പരിശീലനസ്ഥാപന മേധാവി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്/ സത്യവാങ്മൂലം, മല്‍സര പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ മല്‍സര പരീക്ഷയ്ക്ക് അപേക്ഷിച്ച വിവരം എന്നിവ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം അപേക്ഷകര്‍ പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്‍കണം.