15
Apr 2024
Fri
15 Apr 2024 Fri

മുഖ്യമന്ത്രിയുടെയും സിപിഎമ്മിൻ്റെയും എതിർപ്പിനിടെ തെരഞ്ഞെടുപ്പ് സമയത്ത് ഇന്ന് ദൂരദർശൻ കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യുമോ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സംഘ്പരിവാർ പ്രോപ്പാഗണ്ട സിനിമയായ കേരള സ്റ്റോറി മുഖ്യമന്ത്രിയുടെയും സിപിഐഎമ്മിൻ്റെയും എതിർപ്പ് വകവയ്ക്കാതെ ദൂരദർശൻ ഇന്ന് സംപ്രേക്ഷണം ചെയ്യുമോ?. വൈകുന്നേരം എട്ട് മണിക്ക് സിനിമ സംപ്രേക്ഷണം ചെയ്യും എന്നാണ് ദൂരദർശൻ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു കഴിഞ്ഞു.

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിര്‍മ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനം ദൂരദര്‍ശന്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. . തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണം.

പരസ്പര സാഹോദര്യത്തില്‍ വിവിധ മതവിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമയോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിനു മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ അപഹസിക്കാനും മതസ്പര്‍ദ്ധ വളര്‍ത്തുവാനും ലക്ഷ്യമിട്ട് സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ഈ സിനിമ. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ, നീതി ആയോഗിന്റെ അടക്കമുള്ള വിവിധ സൂചികളില്‍ മുന്‍പന്തിയില്‍ ഉള്ള കേരളത്തെ സോമാലിയ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ മതം മാറ്റത്തിന്റെ കേന്ദ്രം എന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്.

സംഘപരിവാര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന നുണകളും അപര വിദ്വേഷവും അടിസ്ഥാനമാക്കിയ സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശനെ പോലെയുള്ള സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍. ഏപ്രില്‍ 5 ന് ഈ സിനിമ സംപ്രേക്ഷണം ചെയ്യുമെന്ന അറിയിപ്പ് കേരളത്തെയാകെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. വര്‍ഗീയ ധ്രുവീകരണത്തിനായി നടത്തുന്ന ഇത്തരം വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിനിമ സംപ്രേക്ഷണം ചെയ്യരുത് എന്ന് സിപിഐഎമ്മും ആവശ്യപ്പെട്ടു.