|
കൊച്ചി: നടൻ ആസിഫ് അലിയുടെ പുതിയ സിനിമയായ ‘ആഭ്യന്തര കുറ്റവാളി’യുടെ റിലീസ് കോടതി തടയാൻ കാരണമായത് നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന പരാതി. സിനിമയുടെ റിലീസ് എറണാകുളം ജില്ലാ കോടതി ഇന്നലെ ആണ് തടഞ്ഞത്. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആലപ്പുഴ ചമ്പക്കുളം സ്വദേശി പി.കെ. അനീഷിൻ്റെ പരാതിയിലാണ് കോടതിയിൽ നിന്ന് നടപടി ഉണ്ടായിരിക്കുന്നത്.
നിർമാണവുമായി ബന്ധപ്പെട്ട് വിവിധ തവണകളായി പരാതിക്കാരൻ അണിയറക്കാർക്ക് പണം നൽകിയിരുന്നുവെങ്കിലും പിന്നീട് പറ്റിക്കപ്പെട്ടു എന്നും അണിയറക്കാർ മറ്റൊരു നിർമാതാവിനെ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അനീഷ് പരാതി നൽകിയത്. വിഷയത്തിൽ കോടതി ഇടപെടണമെന്നും റിലീസ് തടയണമെന്നും അനീഷ് ആവശ്യപ്പെട്ടിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ സേതുനാഥ് പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റര്‍ടെയിനര്‍ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖ നടി തുളസിയാണ് നായിക.
ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





