13
Jan 2026
Wed
13 Jan 2026 Wed
jose k mani pinarayi

കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫിനൊപ്പം ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി സിപിഎം നേതൃത്വം. ജോസ് കെ മാണി കളം മറാതിരിക്കാന്‍ ‘പ്ലാന്‍ എ, പ്ലാന്‍ ബി’ എന്നിങ്ങനെ രണ്ടു തലങ്ങളിലായുള്ള തന്ത്രങ്ങളാണ് സിപിഎം പയറ്റുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലാന്‍ എ പ്രകാരം, ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ എല്‍ഡഎഫില്‍ തന്നെ തുടരാന്‍ സമ്മതിപ്പിക്കുന്നതിനാണ് ആദ്യ ശ്രമം. ജോസുമായി സംസാരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഎന്‍ വാസവനെ സിപിഐഎം ചുമതലപ്പെടുത്തി. വാസവന്‍ ഇതിനകം ഫോണില്‍ ജോസ് കെ മാണിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശബരിമല ദര്‍ശനം കഴിഞ്ഞ് വൈകുന്നേരത്തോടെ തിരികെ എത്തുന്ന വാസവന്‍ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ALSO READ: പൈവളിഗെയില്‍ മുസ് ലിം ലീഗ് പിന്തുണയില്‍ ബിജെപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പദവി

എന്നാല്‍, ഇത് പരാജയപ്പെട്ടാല്‍ പ്ലാന്‍ ബി നടപ്പാക്കാനാണ് സിപിഐഎം തയ്യാറെടുക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്തി ഒരു വിഭാഗത്തെ എല്‍ഡിഎഫിനൊപ്പം നിലനിര്‍ത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി റോഷി അഗസ്റ്റിനുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജോസ് കെ മാണി മുന്നണി വിട്ടാല്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ എല്‍ഡിഎഫിനൊപ്പം നിലനിര്‍ത്തുക എന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും റോഷി അഗസ്റ്റിനൊപ്പം നിന്നേക്കും. പാര്‍ട്ടി പിളര്‍ത്തി പുറത്തേക്ക് വന്നാല്‍ രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നല്‍കാമെന്ന ഉറപ്പ് സിപിഎം നല്‍കും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നത് എല്‍ഡിഎഫിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകും. അതുകൊണ്ട് തന്നെ ഏത് വിധേനയും അവരെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് സിപിഎം.

അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പാലാ സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മാണി സി കാപ്പന് യുഡിഎഫ് നിര്‍ദേശം നല്‍കി. മുസ്ലിം ലീഗിന്റെ തിരുവമ്പാടി സീറ്റില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.

കുഞ്ഞാലിക്കുട്ടിക്കൊപ്പം താമരശ്ശേരി ബിഷപ്പുമായി ബന്ധപ്പെട്ട സഭാ പ്രതിനിധികളുമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മാണി സി കാപ്പനോട് പാല വിട്ടുനല്‍കാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ വരികയാണെങ്കില്‍ പാലാ സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് നീക്കം.