കളിക്കിടെ രോഷാകുലനായ റൊണാള്‍ഡോക്ക് ചുവപ്പ് കാര്‍ഡ്; സൂപ്പര്‍ കപ്പില്‍ നിന്ന് അല്‍ നസര്‍ പുറത്ത്
|
റിയാദ്: സൗദി സൂപ്പര്‍ കപ്പില്‍ അല്‍ നസറിനും നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും തിരിച്ചടിയുടെ ദിനം. റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനൊപ്പം ടീം സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്താകുകയുംചെയ്തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ ഹിലാലിനോടാണ് അല്‍ നസറിന്റെ തോല്‍വി. അല്‍ഹിലാലിനായി സാലിം അല്‍ ദൗസരിയും മാല്കമുമാണ് വല കുലുക്കിയത്. സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെയുടെ വകയായിരുന്നു അല്‍ നസറിന്റെ ആശ്വാസ ഗോള്‍.
കളിയുടെ 86ാം മിനിറ്റില്‍ ആണ് റോണോക്ക് റെഡ് കാര്‍ഡ് ലഭിച്ചത്. അല്‍ ഹിലാല്‍ താരത്തെ കൈമുട്ട് കൊണ്ടിടിച്ച ക്രിസ്റ്റിയാനോ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ അല്‍ നസര്‍ പത്ത് പേരായി ചുരുങ്ങി.
ഇരുടീമുകളും മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ കളിമാറി. 61ാം മിനിറ്റില്‍ വലകുലുക്കി സൗദിയുടെ ലോകകപ്പ് ഹീറോ സാലിം അല്‍ ദൗസരി അല്‍ഹിലാലിനെ മുന്നിലെത്തിച്ചു. ആദ്യ ഗോള്‍ വീണ് പത്ത് മിനിറ്റ് പിന്നിട്ടതും അല്‍ ഹിലാലിന്റെ രണ്ടാം ഗോളുമെത്തി. ഇക്കുറി മാല്‍കമിന്റെ ഊഴമായിരുന്നു. മനോഹരമായൊരു ഹെഡ്ഡറിലൂടെയാണ് മാല്‍കം അല്‍ നസര്‍ വലതുളച്ചത്. കളിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കേ അല്‍ നസറിനായി സാദിയോ മാനെ ആശ്വാസ ഗോള്‍ കണ്ടെത്തി.
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://cutt.ly/0wxJwIIV
ഏപ്രില്‍ 11 ന് സൂപ്പര്‍ കപ്പ് കലാശപ്പോരില്‍ അല്‍ ഹിലാല്‍ അല്‍ ഇത്തിഹാദിനെ നേരിടും. അല്‍ വഹ്ദയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് അല്‍ ഇത്തിഹാദ് സെമിയില്‍ പ്രവേശിച്ചത്.
അതേസമയം, സൗദി പ്രോ ലീഗില്‍ റൊണാള്‍ഡോ മികച്ച ഫോമിലാണ്. ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലവില്‍ ടോപ് സ്കോറര്‍, ടോപ് അസിസ്റ്റ് പദവികളില്‍ ഉള്ളത്. 25 മത്സരങ്ങളില്‍ 29 ഗോളും 10 അസിസ്റ്റും 39 കാരനായ ക്രിസ്റ്റ്യാനോ ഇതുവരെ നടത്തി. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി മിന്നും ഫോമിലുള്ള സിആര്‍ 7 അടുപ്പിച്ച് രണ്ട് കളികളില്‍ ഹാട്രിക്ക് നേടി ആരാധകരെ ത്രസിപ്പിച്ചിരുന്നു.
Cristiano Ronaldo sees red as Al Nassr exit Saudi Super Cup


