ഗോളും അസിസ്റ്റും..! ക്രിസ്റ്റ്യാനോയുടെ ചിറകിലേറി അല്‍ നസര്‍ വിജയം തുടരുന്നു
|
ജിദ്ദ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസറും വിജയം തുടരുന്നു. ഇന്ന് പുലര്‍ച്ചെ അല്‍ ഖലീജിനെ ഹോം മത്സരത്തില്‍ നേരിട്ട അല്‍ നസര്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ചു. ഗോളിനൊപ്പം ഒരു അസിസ്റ്റും നല്കി ക്രിസ്റ്റ്യാനോ ഈ മത്സരം തന്റേതാക്കി മാറ്റി. 26ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് അല്‍ നസറിന് ലീഡ് നല്‍കിയത്. ഖരീബിന്റെ പാസില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. 2023ല്‍ റൊണാള്‍ഡോയുടെ 44ാം ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ ലപോര്‍ടെ കൂടെ ഗോള്‍ നേടിയതോടെ അല്‍ നസര്‍ വിജയം ഉറപ്പിച്ചു. റൊണാള്‍ഡോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. കരിയറില്‍ റോണോയുടെ 250മത്തെ അസിസ്റ്റായിരുന്നു ഇത്. അല്‍ നസറിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ഈ വിജയത്തോടെ അല്‍ നസര്‍ 12 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. 32 പോയിന്റുമായി അല്‍ ഹിലാല്‍ ആണ് ലീഗില്‍ ഒന്നാമത് നില്‍ക്കുന്നത്.
CRISTIANO RONALDO WHAT A GOAL! 🤯 pic.twitter.com/sz1PevASvq
— TC (@totalcristiano) November 4, 2023
അല്‍ നസറിനായി അവസാനം കളിച്ച രണ്ട് കളികളിലും ഗോള്‍ നേടാന്‍ ക്രിസ്റ്റ്യാനോക്ക് സാധിച്ചിരുന്നില്ല. ഈ മത്സരങ്ങളില്‍ അല്‍ നസര്‍ എഫ്സി വിജയിച്ചെങ്കിലും റോണോ ആരാധകര്‍ അത്ര സന്തുഷ്ടരായിരുന്നില്ല. അതുകൊണ്ടു തന്നെ അല്‍ ഖലീജിനെതിരായ കളിയില്‍ താരത്തില്‍ നിന്ന് ഒരു മികച്ച പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഒരു കിടിലന്‍ പ്രകടനത്തോടെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ അല്‍ ഖലീജിനെതിരെ പോര്‍ച്ചുഗീസ് ഇതിഹാസത്തിനായി.
ഈ സീസണ് സൗദി പ്രോ ലീഗില്‍ ഗോള്‍ ടാലിയിലും അസിസ്റ്റ് പട്ടികയിലും റൊണാള്‍ഡോ ഒന്നാം സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിച്ചു. നിലവില്‍ 12 ഗോളുകളും, ഏഴ് അസിസ്റ്റുകളുമാണ് സൗദി ലീഗില്‍ ഈ മുപ്പത്തിയെട്ടുകാരന്റെ സമ്പാദ്യം.
ജയത്തോടെ 12 കളികളില്‍ 28 പോയിന്റായ അല്‍ നസര്‍ എഫ്സി, സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. സീസണില്‍ ഒന്‍പത് വിജയവും, ഒരു സമനിലയും, രണ്ട് തോല്‍വികളുമാണ് അല്‍ നസറിന്റെ സമ്പാദ്യം. ഈ മാസം ഏഴിന് നടക്കാനിരിക്കുന്ന മത്സരത്തില്‍ അല്‍ ദുഹൈലാണ് അല്‍ നസറിന്റെ എതിരാളികള്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





