05
Oct 2023
Sun
05 Oct 2023 Sun

What a goal..!; അല്‍ നസറിന് വേണ്ടി കിടിലന്‍ ഫ്രീ കിക്ക് ഗോള്‍; ടീമിന് ജയവും| Video

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: ടീമിന് ലഭിച്ച ഫ്രീകിക്ക് ഉഗ്രന്‍ കെര്‍വ് ഷോട്ടിലൂടെ വലയിലെത്തിച്ച് അല്‍ നസറിനെ വിജയിപ്പിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഡമാക് എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസറര്‍ തോല്‍പ്പിച്ചത്. കെ.എസ്.യു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ജോര്‍ജിയസ് കെവിന്‍ എന്‍. കൗടുവിലൂടെ ഡമാക് ലീഡ് നേടുകയായിരുന്നു. അല്‍ നസറിന്റെ പ്രതിരോധത്തില്‍ വിള്ളലേല്‍പ്പിച്ചുകൊണ്ടാണ് താരം ഗോള്‍ നേടിയത്.

മത്സരത്തിന്റെ 52ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം ടലിസ്‌ക മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അല്‍ നസറിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു. ഒടുവില്‍ 56ാം മിനിട്ടില്‍ റോണോയുടെ മഴവില്‍ ഗോളും വന്നതോടെ മത്സരം അല്‍ നസര്‍ സ്വന്തമാക്കുകയായിരുന്നു.

സീസണില്‍ 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് റോണോ നേടിയത്. നിലവില്‍ സൗദി ലീഗിലെ ടോപ്പ് സ്‌കോററും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്.

ജയത്തോടെ സൗദി പ്രോ ലീഗില്‍ മൂന്നാം സ്ഥാനത്തെത്താനും അല്‍ നസറിന് സാധിച്ചു. പത്ത് കളികളില്‍ ഏഴ് ജയവും ഒരു സമനിലയും അടക്കം 22 പോയിന്റാണ് അല്‍ നസറിന്റെ അക്കൗണ്ടിലുള്ളത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി നേരിട്ടതിന് ശേഷമാണ് അല്‍ നസര്‍ തിരിച്ചുവന്നത്. പിന്നീട് നടന്ന ആറ് കളികളിലും പരാജയമറിഞ്ഞില്ല. ഒക്ടോബര്‍ 24ന് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍, അല്‍ ദുഹൈലയെ നേരിടും.

മത്സരത്തില്‍ നേടിയ ഗോളോടെ ഒരുപിടി റെക്കോഡുകളും 38കാരനെ തേടിയെത്തി. 2023ല്‍ 50+ ഗോളുകളും അസിസ്റ്റുകളും നേടിയ താരമെന്ന നേട്ടവും 2023ല്‍ 41 ഗോളുകള്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരെന്ന നേട്ടവുമാണ് റൊണാള്‍ഡോയെ തേടിയെത്തിയത്. ഈ സീസണില്‍ 15 തവണ മാച്ച് വിന്നര്‍ ആവാനും റോണോക്ക് സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക